ന്യൂ ഏജ് താലോലം കാരുണ്യ പദ്ധതി
Monday, March 9, 2015 6:31 AM IST
റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഴവില്ല് ബാലസര്‍ഗവേദി താലോലം എന്ന പേരില്‍ തുടങ്ങിയ ജീവകാരുണ്യ പദ്ധതിയുടെ രണ്ടാംഘട്ട ധനസമാഹരണം ആരംഭിച്ചു.

ബാലസര്‍ഗവേദി അംഗമായ ഋഷികേശ് അശോകിന്റെ ജന്മദിന സംഭാവന മഴവില്ല് കൂട്ടായ്മ കോഓര്‍ഡിനേറ്റര്‍ രാജന്‍ നിലമ്പൂര്‍ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

ബാലസര്‍ഗവേദിയുടെ കുട്ടികള്‍ അവരുടെ ജന്മദിനാഘോഷങ്ങള്‍ക്ക് ചെലവഴിക്കുന്ന തുക സമാഹരിച്ച് നാട്ടിലെ അനാഥമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ് പദ്ധതിയുടെ രീതി. പദ്ധതിയുടെ ആദ്യഘഡു പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുള്ള ഒരു അനാഥാലയത്തിനാണ് നല്‍കിയത്.

അശരണരോടും അനാഥരോടും ദയദാക്ഷിണ്യം കാണിക്കേണ്ടതിന്റെ ആവശ്യകത ചെറുപ്രായത്തിലേ കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുകയാണ് ഇതലൂടെ ന്യൂ ഏജ് ലക്ഷ്യമിടുന്നത്. അതു കൂടാതെ അംഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന വസ്ത്രങ്ങളും ഇതോടൊപ്പം നാട്ടിലെ സന്നദ്ധ സംഘടനകള്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍