ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഓര്‍ത്തഡോക്സ് ടിവി അനുശോചിച്ചു
Monday, March 9, 2015 6:27 AM IST
അറ്റ്ലാന്റ: കേരള നിയമസഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ ജി. കാര്‍ത്തികേയന്റെ ദേഹവിയോഗത്തില്‍ ഓര്‍ത്തോഡോക്സ് ടിവി ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത, സിഇഒ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, ട്രഷറര്‍ ജോയ് പുലിക്കോട്ടില്‍, സെക്രട്ടറി ചാര്‍ളി വര്‍ഗീസ് പടനിലം, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പോള്‍ കറുകപ്പിള്ളില്‍, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍, ഡോ. കെ.സി. ചാക്കോ, ഷാജീ വര്‍ഗീസ് എന്നിവര്‍ അനുശോചിച്ചു.

സമര്‍പ്പണവും വിശ്വസ്തതയും കാര്യശേഷിയും കേരള സമൂഹത്തിന്റെ മുഴുവന്‍ ആദരവും അംഗീകാരവും നേടിയ മികച്ച പൊതു പ്രവര്‍ത്തകനായിരുന്നു കാര്‍ത്തികേയനെന്ന് മാര്‍ യൂലിയോസ് മെത്രാപോലീത്ത അനുസ്മരിച്ചു. ചികിത്സക്കായി 2014 ഒക്ടോബറില്‍ അമേരിക്കയിലെ ഒഹായോ മായോ ക്ളിനിക്കില്‍ വിദഗ്ധ ചികിത്സക്കായി വന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിക്കുകയും അസുഖ വിവരങ്ങള്‍ ആരായുകയും പ്രത്യേകം പ്രാര്‍ഥന ആവശ്യപ്പെടുകയും ചെയ്തത് ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം അനുസ്മരിച്ചു.

ജി. കാര്‍ത്തികേയന്റെ ദേഹവിയോഗത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുകയും അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറി സജി ചാക്കോ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.