ഇന്ത്യ-കുവൈറ്റ് തടവുകാരുടെ കൈമാറ്റ കരാറിന് പാര്‍ലമെന്റ് അംഗീകാരം
Monday, March 9, 2015 4:51 AM IST
കുവൈറ്റ്: ഇന്ത്യയും കുവൈറ്റും തമ്മില്‍ തടവുകാരെ കൈമാറുന്നതിന് ഒപ്പുവെച്ച കരാറിന് കുവൈറ്റ് പാര്‍ലമെന്റ് അനുമതി നല്‍കി. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അല്‍ സബാഹിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പിട്ടത്. നേരത്തെ ഇന്ത്യന്‍ പാര്‍ലമെന്റ് കരാറിന് അംഗീകാരം നല്‍കിയിരുന്നു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവര്‍ക്കാണ് കരാറിന്റെ ആനുകുല്യം ലഭിക്കുക. കൊലപാതക, മയക്കുമരുന്ന് പോലുള്ള ഗുരുതര കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവര്‍ക്ക് കരാറിന്റെ ആനുകൂല്യം ലഭിക്കില്ല . കുവൈറ്റില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ കരാര്‍ പ്രകാരം ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇന്ത്യയിലെ ജയിലില്‍ പൂര്‍ത്തിയാക്കാം. 290 ഇന്ത്യക്കാര്‍ കുവൈത്തില്‍ തടവില്‍ കഴിയുന്നുണ്ടന്നാണ് കണക്കാക്കുപ്പെടുന്നത്. കൈമാറ്റം തീരുമാനിക്കുമ്പോള്‍ തടവുകാരുടെ താല്‍പര്യം കൂടി പരിഗണിക്കും. ഏറക്കാലമായി ഇരുരാജ്യങ്ങളുടെയും പരിഗണനയിലുള്ള വിഷയമായിരുന്നു തടവുപുള്ളികളുടെ കൈമാറ്റം. ഒട്ടേറെ ഇന്ത്യക്കാര്‍ കുവൈറ്റിലെ ജയിലുകളില്‍ തടവ് അനുഭവിക്കുന്നതിനാല്‍തന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍