കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ അടച്ചുപൂട്ടല്‍: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
Monday, March 9, 2015 4:49 AM IST
ജിദ്ദ: കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി ദീര്‍ഘകാലം അടച്ചിടുന്നത് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ചില ലോബികളുടെ ഗൂഢാലോചനയാണെന്ന് പ്രവാസി സാംസ്കാരിക വേദി ജിദ്ദ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. സര്‍വീസ് നിര്‍ത്തി ഓഫീസുകള്‍ അടച്ചിടുന്ന വിമാന കമ്പനികള്‍ വീണ്ടും ഇവിടെ ഓഫീസ് തുറക്കാന്‍ സാധ്യതയില്ല. വിമാന സര്‍വീസ് നിര്‍ത്തിവയ്കാന്‍ ഇടയാകാത്ത വിധം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത തേടാന്‍ അധികൃതര്‍ തയ്യാറാകണം.

സ്വകാര്യ പങ്കാളിത്തത്തിലുള്ള നെടുമ്പാശേരി, നിര്‍മാണം പൂര്‍ത്തിയാകാനിരിക്കുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടുകള്‍ക്ക് പിന്നിലുള്ള ശക്തികളുടെ ലാഭക്കൊതിയാണ് ഈ അടച്ചു പൂട്ടലിന്‍റെ പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്. സ്കൂള്‍ അവധിക്കാലം ചെറിയ പെരുന്നാള്‍ ഹജ്ജ് എന്നിവ ഒരുമിച്ച് വരുന്ന കാലയളവില്‍ തന്നെ അടച്ചിടുന്നത് മലബാറില്‍ നിന്നുള്ള പ്രവാസികളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുക. കേരളത്തിലെ സാമ്പത്തിക സുസ്ഥിരതക്ക് നിര്‍ണ്ണായക സംഭാവനകളര്‍പ്പിക്കുന്ന പ്രവാസികളെ ദ്രോഹിക്കുന്ന നിലപാടില്‍ നിന്ന് എയര്‍പാര്‍ട്ട് അധികൃതരെ പിന്‍തിരിപ്പിക്കാന്‍ ജന പ്രതിനിധികളും കേരള സര്‍ക്കാരും നടപടികള്‍ സ്വീകരിക്കണം യോജിച്ച പ്രക്ഷോഭങ്ങളിലൂടെ അധികാരികളെ തിരുത്താന്‍ പ്രവാസികള്‍ക്കാകണമെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മാര്‍ച്ച് പത്തിന് വെല്‍ഫയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ധര്‍ണക്ക് സംഗമം എക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ശറഫിയ്യ ലക്കി ദര്‍ബാര്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇസ്മായില്‍ കല്ലായി അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായി കുഞ്ഞിമുഹമ്മദ് കൊടശേരി (ഒ.ഐ.സി.സി), ബഷീര്‍ തൊട്ടിയന്‍ (കെഎംസിസി), ഖലീല്‍ പാലോട്, ഉസ്മാന്‍ പാണ്ടിക്കാട്, സുവീഷ് മാസ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍