കുവൈറ്റ് ഒഐസിസി പ്രതിഷേധിച്ചു
Saturday, March 7, 2015 5:38 AM IST
കുവൈറ്റ്: റണ്‍വേ വികസനത്തിന്റെ പേരില്‍ കോഴിക്കോട് വിമാനത്താവളമടച്ചിടാനുള്ള എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനത്തില്‍ കുവൈറ്റ് ഒഐസിസി പ്രതിഷേധിച്ചു. തീരുമാനം ഏകപക്ഷീയമാണെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജോലിചെയ്യുന്ന സാധാരണക്കാരായ ഒട്ടനവധി പ്രവാസി തൊഴിലാളികള്‍ക്ക് യാത്രാദുരിതമുണ്ടാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ കേരളത്തിലെ പ്രമുഖ വിമാനതാവളങ്ങളിലൊന്നായ കോഴിക്കോട് വിമാനത്താവളം അടച്ചിടുന്നത് ഒരിക്കലും ന്യായീകരിക്കാനാകാത്തതും ബദല്‍ സംവിധാനമേര്‍പ്പെടുത്താത്ത റണ്‍വേ വികസനം അശാസ്ത്രീയവുമാണെന്നും കുവൈറ്റ് ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രതിഷേധകുറിപ്പില്‍ പറഞ്ഞു.

മലബാര്‍ മേഖലകളില്‍നിന്നുള്ള പ്രവാസികളുടെ ഏകാശ്രയമായ വിമാനത്താവളം അടച്ചിടുന്നതു യാത്രാദുരിതമുണ്ടാക്കുമെന്നും ഇതിനെതിരേ പ്രവാസി മലയാളി സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പ്രവാസിക്ഷേമകാര്യവകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ കുവൈറ്റ് ഒഐസിസി തീരുമാനിച്ചതായും കുവൈറ്റ് ഒഐസിസി ദേശീയ പ്രസിഡന്റും പ്രവാസിക്ഷേമനിധി ബോര്‍ഡംഗവുമായ വര്‍ഗീസ് പുതുക്കുളങ്ങര അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍