വേദ ഗുരു സ്വാമി ചിദാനന്ദപുരി കെഎച്ച്എന്‍എ കണ്‍വന്‍ഷനില്‍
Saturday, March 7, 2015 5:34 AM IST
ഡാളസ്: സനാതന മൂല്യങ്ങളില്‍ അധിഷ്ഠിതമായ ആര്‍ഷഭാരത സംസ്കാരത്തിന്റെ ആഴവും പരപ്പും ഒട്ടും ചോരാതെ വിശ്വാസികളിലേക്കു വളരെ ലളിതമായി തന്റെ സ്വതസിദ്ധമായ വാഗ്ധോരണിയിലൂടെ സന്നിവേശിപ്പിക്കുന്ന കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ജൂലൈയില്‍ ഡാളസില്‍ നടക്കുന്ന എട്ടാമത് കെഎച്ച്എന്‍എ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നു.

ദൃശ്യ നവ മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും വേദാന്തവും ഉപനിഷത്തുക്കളും ഭഗവത്ഗീതയും ഉള്‍പ്പെടെ ഹിന്ദുമതത്തിലെ സമഗ്രവും അതി വിശാലവുമായ അറിവുകള്‍ ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള സ്വാമിജി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ നിരന്തരമായി മനുഷ്യജീവിതത്തില്‍ ധാര്‍മികമൂല്യങ്ങളുടെ ആവശ്യകത ഓര്‍മപ്പെടുത്തുന്നു.

മഹത്വത്തിലേക്കുള്ള മനുഷ്യമനസിന്റെ അന്വേഷണം പുതിയ തലങ്ങളില്‍ നടക്കുമ്പോഴും പ്രസക്തി ഒട്ടും ചോരാതെ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്ന ഹൈന്ദവ ദര്‍ശനങ്ങളിലേക്ക് ലോകം ഉറ്റു നോക്കുന്നു എന്ന തിരിച്ചറിവ് സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നത് ചിദാനന്ദപുരി സ്വാമികളെ ശ്രദ്ധേയനാക്കുന്നു. ആദിശങ്കരന്റെ നാട്ടില്‍ ജനിച്ചുസമ്പൂര്‍ണ സാത്വികമായ ജീവിതം നയിക്കുന്ന സ്വാമിജി ആധുനിക കാലഘട്ടത്തില്‍ ഹൈന്ദവ കേരളത്തിനു ലഭിച്ച ജ്ഞാനസൂര്യന്‍ എന്ന നിലയില്‍ അനുഗ്രഹീതനായ സന്യാസ വ്യക്തിത്വം ആയി കണക്കാക്കപ്പെടുന്നു

മനുഷ്യമനസിലെ മഹത്വം പറയുന്ന ശാസ്ത്രം എന്ന നിലയില്‍ പൈതൃക ഗ്രന്ഥങ്ങളെ സമീപിക്കാന്‍ അദ്ദേഹത്തിന്റെ ഉദ്ബോധനങ്ങള്‍ സഹായകരമാണ്. ആത്മീയ പ്രഭാഷകന്‍ എന്ന നിലയില്‍ ആഗോളപ്രശസ്തനായ സ്വാമിജിയുടെ പ്രഭാഷണം അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. പ്രായോഗികജീവിതത്തില്‍ ഭാരതീയ ചിന്താശകലങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന നിലയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വേറിട്ടൊരു അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ടി.എന്‍. നായര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍