അമേരിക്കന്‍ മലങ്കര അതിഭദ്രാസനാഭിമുഖ്യത്തില്‍ പാത്രിയര്‍ക്കാ ദിനാഘോഷം
Friday, March 6, 2015 6:52 AM IST
ഡാളസ്: ആകമാന സുറിയാനിസഭയുടെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനാഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പാത്രിയര്‍ക്കാ ദിനാഘോഷം ഫെബ്രുവരി 21 ന് (ശനി) വിപ്പനിയിലുളള ആര്‍ച്ച് ഡയോസിസ് ആസ്ഥാനത്ത് ഇടവക മെത്രാപ്പോലീത്താ യല്‍ദൊ മാര്‍ തീത്തോസിന്റെ നേതൃത്വത്തിലും ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളുടെ സഹകരണത്തിലും ആഘോഷിച്ചു.

ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍നിന്നായി അനേകം വൈദികരും ശെമ്മാശന്മാരും നൂറുകണക്കിനു വിശ്വാസികളും ആഘോഷങ്ങളില്‍ പങ്കെടുത്തു. അയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്തായുടെ (ക്നാനായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്) പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു പൊതുസമ്മേളനവും നടന്നു. ഇടവക മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ട പൊതു സമ്മേളനത്തില്‍ റവ. ഫാ. പോള്‍ പറമ്പത്ത് (ആര്‍ച്ച് ഡയോസിസ് ജോ. സെക്രട്ടറി) സ്വാഗതം ആശംസിച്ചു. സാജു പൌലോസ് മാരോത്ത്(ഭദ്രാസന ട്രഷറര്‍) എംസിയായിരുന്നു.

പാത്രിയര്‍ക്കാ ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു മെത്രാപ്പോലീത്ത അധ്യക്ഷപ്രസംഗത്തില്‍ വിവരിച്ചു. പരസ്പര വിദ്വേഷമല്ല, സമാധാനമാണ് ക്രൈസ്തവ ദൌത്യമെന്നു പ്രഖ്യാപിച്ചുകൊണ്ട് ലോക നന്മയ്ക്കും പീഡിത വിഭാഗത്തിന്റെ ക്ഷേമത്തിനും സഭയിലെ ശാശ്വതസമാധാനത്തിനുമായി അശ്രാന്ത പരിശ്രമം നടത്തുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും ലോകമെമ്പാടുമുളള ക്രൈസ്തവ സഭകള്‍ പരി. ബാവായെ ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്നും മെത്രാപ്പോലീത്ത സൂചിപ്പിച്ചു. ആശംസാ പ്രസംഗം നടത്തിയ അയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത, സിറിയ, ഇറാഖ്, ഈജിപ്റ്റ് തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും അവര്‍ക്കായി പ്രാര്‍ഥിക്കുവാന്‍ നാം കടപെട്ടിരിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. വെരി റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പ(വൈദിക സെക്രട്ടറി) വിവിധ ഭക്തസംഘടനകളെ പ്രതിനിധീകരിച്ച് ഷെവലിയര്‍ ഏബ്രഹാം മാത്യു (സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്, മിലന്‍ റോയി (മര്‍ത്തമറിയം സമാജം), മാത്യു മഞ്ചാ (അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി), വര്‍ഗീസ് കിഴക്കുയില്‍ (സണ്‍ഡേസ്കൂള്‍), ഷോണ്‍ തോമസ് (എംജിഎസ്ഒഎസ്എ യൂത്ത്) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഭദ്രാസന ജോയിന്റ് ട്രഷറര്‍ കമാന്‍ഡര്‍ ജോബി ജോര്‍ജ്, കൌണ്‍സില്‍ അംഗം റവ. ഫാ. ഗീവര്‍ഗീസ് ചാലിശേരി എന്നിവരും സന്നിഹിതരായിരുന്നു.

സണ്‍ഡേസ്കൂള്‍ പത്താം ക്ളാസ് പരീക്ഷയില്‍ റീജണ്‍ അടിസ്ഥാനത്തില്‍ ഒന്നും രണ്ടു റാങ്കുകള്‍ കരസ്ഥമാക്കിയവരെ യോഗത്തില്‍ ആദരിച്ചു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും കൂറും ഭക്തിയും പ്രഖ്യാപിച്ചുകൊണ്ടു വിശ്വാസികള്‍ നടത്തിയ വര്‍ണ ശബളവും ഭക്തിനിര്‍ഭരവുമായ ഘോഷയാത്ര ചടങ്ങുകള്‍ക്കു മാറ്റുകൂട്ടി.

സെന്റ് അഫ്രേം കത്തീഡ്രല്‍ വികാരി റവ. ഫാ. വര്‍ഗീസ് പോള്‍ നന്ദി പറഞ്ഞു. അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍