സൌദിയില്‍ തൊഴിലുടമ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നതു നിയമവിരുദ്ധം
Friday, March 6, 2015 6:51 AM IST
ദമാം: സൌദി അറേബ്യയിലെ വിദേശ തെഴിലാളിയുടെ പാസ്പോര്‍ട്ട് സൂക്ഷിക്കല്‍ തൊഴിലാളിയുടെ അവകാശമാണെന്നും ഇതിനു വിരുദ്ധമായി തൊഴിലുടമയ്ക്ക് തന്റെ തൊഴിലാളിയുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കാന്‍ അവകാശമില്ലെന്നും സൌദി തൊഴില്‍ മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിഭാഗം മേധാവി തയ്സീര് അല്‍ മുഫ്രിജ്. തൊഴിലാളിയുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്ന തൊഴിലുടമക്കെതിരെ ശിക്ഷാ നടപടി കൈക്കൊള്ളുമെന്നു അദ്ദേഹം വ്യക്തമാക്കി.

ഏതു ഘട്ടത്തിലായാലും തൊഴിലുടമയ്ക്കു തന്റെ തൊഴിലാളിയുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കാന്‍ അവകാശമില്ല. പുതിയ തൊഴില്‍കരാര്‍ രേഖകളില്‍ തൊഴിലാളിയുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കല്‍ തൊഴിലാളിയുടെ അവകാശമാണന്നു സൂചിപ്പിക്കുന്നു. തൊഴിലാളികള്‍ ഒളിച്ചോടാതിരിക്കാനാണു തൊഴിലാളിയുടെ പാസ്പോര്‍ട്ട് തങ്ങള്‍ സുക്ഷിക്കുന്നതെന്നു കമ്പനികളുടെയും വ്യക്തികളുടെയും ന്യായീകരണം സ്വീകാര്യമല്ല. പാസ്പോര്‍ട്ടില്ലാതെ തന്നെ തൊഴിലാളികള്‍ ഒളിച്ചോടുന്ന സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ടു ചെയ്യാറുണ്ട്. തൊഴിലാളി ഒളിച്ചോടിയാല്‍ പകരം തൊഴിലാളിയെ നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ ഉടന്‍ അടുത്ത പോലീസ് സ്റേഷനുകളില്‍ വിവരം അറിയിക്കണമെന്നാണ് സൌദി ഗാര്‍ഹിക തൊഴിലാളി നിയമത്തില്‍ പറയുന്നതെന്നു തയ്സീര് അല്‍ മുഫ്രിജ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം