പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേസ്
Thursday, March 5, 2015 6:07 AM IST
കുവൈറ്റ്: അറ്റകുറ്റപണികള്‍ക്കായി കരിപ്പൂര്‍ എയര്‍പോര്‍ട്ട് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ കൊച്ചിയിലേക്ക് പ്രതിദിന സര്‍വീസ് ഇരട്ടിപ്പിച്ചു കുവൈറ്റ് എയര്‍വേയ്സ്.

നിലവിലുള്ള സര്‍വീസിനു പുറമേ മാര്‍ച്ച് 29 മുതല്‍ മറ്റൊരു സര്‍വീസുകൂടി ആരംഭിക്കുമെന്ന് എയര്‍വേസ് അധികൃതര്‍ അറിയിച്ചു. നിലവിലെ സര്‍വീസ് സാധാരണപോലെ രാത്രി ഒമ്പതിതു പുറപ്പെട്ട് രാവിലെ അഞ്ചിനു കൊച്ചിയിലും തിരിച്ച് കൊച്ചിയില്‍നിന്നു 5.50നു പുറപ്പെട്ട് 8.15നു കുവൈറ്റിലുമെത്തും. രണ്ടാമത്തെ വിമാനം രാത്രി 10.30നു പുറപ്പെട്ട് രാവിലെ ആറിന് കൊച്ചിയിലെത്തുകയും 7.15നു കൊച്ചിയില്‍നിന്നു പുറപ്പെട്ട് 9.40നു കുവൈറ്റിലെത്തുകയും ചെയ്യുന്ന വിധമാണു ക്രമീകരിച്ചിരിക്കുന്നത്. 140ഓളം ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന എ 320 വിമാനങ്ങളാണ് ഉപയോഗിക്കുക. ബാഗേജ് പരിധിയില്‍ മാറ്റമില്ല. പുതിയ തീരുമാനം ഈ റൂട്ടില്‍ യാത്ര ചെയ്യുന്ന ആയിരക്കണക്കിനു യാത്രക്കാര്‍ക്കു സഹായകരമാകും. അടുത്ത മാസത്തോടുകൂടി സ്കൂള്‍ അവധി ആരംഭിക്കുന്നതിനാല്‍ പ്രതീക്ഷയോടെയാണ് കേരളത്തിലെ പ്രവാസികള്‍ കുവൈറ്റ് എയര്‍വേയ്സിന്റെ തീരുമാനത്തെ നോക്കി കാണുന്നത്.

എയര്‍ ബസില്‍നിന്നു 12 വിമാനങ്ങള്‍ വാടകയ്ക്കെടുക്കുവാനുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നാലു വിമാനങ്ങള്‍ സ്വീകരിച്ചതായും രണ്ടു വിമാനങ്ങള്‍കൂടി ഈ മാസം എത്തുമെന്നും കുവൈറ്റ് എയര്‍വേയ്സ് അറിയിച്ചു. അടുത്ത മാസങ്ങളില്‍ എ 300 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍കൂടി കുവൈറ്റ് എയര്‍വേയ്സിലെത്തും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍