കരിപ്പൂര്‍ വിമാനത്താവളം അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കണം: കല കുവൈറ്റ്
Thursday, March 5, 2015 6:06 AM IST
കുവൈറ്റ് സിറ്റി: അറ്റകുറ്റ പണികള്‍ക്ക് എന്ന പേരില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് മേയ് ഒന്നു മുതല്‍ അടച്ചിടുന്നതു പ്രവാസികളോട് വ്യോമയാന മന്ത്രാലയം ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍(കല) പ്രസ്താവനയില്‍ അറിയിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുളളതും യാത്രക്കാരുളളതുമായ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാന്‍ ചില മേഖലകളില്‍നിന്നുള്ള ആസൂത്രിത നീക്കമാണ് ഈ അടച്ചിടലിനു പിന്നില്‍. റീകാര്‍പെറ്റിംഗ് എന്ന പേരില്‍ നടത്തുന്ന ഈ നാടകം പതിനായിരക്കണക്കിനാളുകളുടെ യാത്ര പ്രതിസന്ധിയിലാക്കും. അധികൃതരുടെ അനാസ്ഥ മൂലം പല വിമാനക്കമ്പനികളും കരിപ്പൂരിലേക്കുളള സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. അറ്റക്കുറ്റപ്പണികള്‍ ആരംഭിക്കുന്നതോടെ എയര്‍ ഇന്ത്യ, സൌദി, എമിറേറ്റ്സ് തുടങ്ങിയ വലിയ വിമാനക്കമ്പനികളുടെ കരിപ്പൂര്‍ സര്‍വീസുകളും നിര്‍ത്തലാക്കേണ്ടി വരും. ആയിരക്കണക്കിനുപേര്‍ ഇപ്പോള്‍ത്തന്നെ അവധിക്കാലത്തേക്കുള്ള ബുക്കിംഗ് നടത്തിക്കഴിഞ്ഞിട്ടുമുണ്ട്.

സ്കൂള്‍ അവധി, ഹജ്ജ്, ഉംറ തീര്‍ഥാടനങ്ങള്‍ എന്നിവ കണക്കിലെടുക്കാതെയാണു ധൃതിപിടിച്ചുളള ഈ നാടകം വ്യോമയാന അഥോറിറ്റി നടത്തുന്നത്. ആറുമാസം എന്ന കാലാവധിയാണ് അഥോറിറ്റി അറ്റകുറ്റപ്പണികള്‍ക്കായി പറയുന്ന സമയം. എന്നാല്‍, അടച്ചിടുന്ന സമയം മഴക്കാലമായതിനാല്‍ മഴയ്ക്കുശേഷം മാത്രമേ പ്രവര്‍ത്തികള്‍ തുടങ്ങാനാവൂ. അപ്പോള്‍ ആറുമാസം എന്നതു വീണ്ടും നീണ്ട് ഒരു വര്‍ഷമാവും. അറ്റക്കുറ്റപണികള്‍ക്കുശേഷം സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനും മാസങ്ങള്‍ വേണ്ടി വന്നേക്കാം. അതു മാത്രമല്ല, അറ്റക്കുറ്റപ്പണികള്‍ക്കായുളള ടെന്‍ഡര്‍ നടപടികള്‍ എങ്ങും എത്തിയിട്ടില്ല. ഇതെല്ലാം കാണിക്കുന്നതു കരിപ്പൂര്‍ എയര്‍പോര്‍ട്ട് അനന്തമായി അടച്ചിടാനുളള ചില തന്ത്രങ്ങള്‍ അണിയറയില്‍ അരങ്ങേറുന്നുണ്ട് എന്നതാണ്.

കൂടാതെ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളേയും അന്താരാഷ്ട്ര ഹബ് പട്ടികയില്‍നിന്ന് ഒഴിവാക്കിയതും പരിശോധിക്കേണ്ടതുണ്ട്. വരുന്ന ഇരുപത് വര്‍ഷക്കാലത്തെ ഇന്ത്യയിലെ വ്യോമയാന വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാം അന്താരാഷ്ട്ര ഹബ്ബ് പട്ടികയില്‍പ്പെടുന്ന ആറു വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും. ഇന്ത്യന്‍ വ്യോമയാന അഥോറിറ്റി കേരളത്തിലെ വിമാനത്താവളങ്ങളോട്, പ്രത്യേകിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടു കാണിക്കുന്ന വിവേചനം അടിയന്തരമായി അവസാനിപ്പിക്കണമെന്നും വിമാന സര്‍വീസുകള്‍ക്ക് തടസംവരാത്ത രീതിയില്‍ അറ്റകുറ്റപണികള്‍ പുനക്രമീകരിക്കണമെന്നും കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തോടു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രവാസികളെ സാരമായി ബാധിക്കുന്ന ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും പ്രയോജനപ്പെടുന്ന രീതിയിലുള്ള ബദല്‍ സംവിദാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര പ്രവാസികാര്യ മന്ത്രി, കേരത്തില്‍നിന്നുള്ള എംപിമാര്‍ കേരള മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്കു കല കുവൈറ്റ് ഭാരവാഹികള്‍ കത്തയച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍