അബുദാബി മലയാളിസമാജം കളിക്കളം ഉദ്ഘാടനം മാര്‍ച്ച് അഞ്ചിന്
Thursday, March 5, 2015 6:03 AM IST
അബുദാബി: വോളിബാള്‍, ബാസ്കറ്റ്ബോള്‍, ബാഡ്മിന്റണ്‍, ഷട്ടില്‍ തുടങ്ങിയ കളികള്‍ക്കു സൌകര്യമൊരുക്കി അബുദാബി മലയാളി സാമാജം മുസഫ നഗരത്തില്‍ കൂടുതല്‍ സജീവമാകുന്നു. സമാജം കോമ്പൌണ്ടില്‍ ഒരുക്കിയ ആധുനിക കളിക്കളം മാര്‍ച്ച് അഞ്ചിനു(വ്യാഴാഴ്ച) വൈകുന്നേരം ഉദ്ഘാടനം ചെയ്യും.

മുസഫ ലൈഫ് കെയര്‍ ആശുപത്രിയുടെ സഹകരണത്തോട നിര്‍മിച്ച കളിക്കളം വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ സമാജത്തിനു സമര്‍പ്പിക്കും. അബുദബിയിലെയും മുസഫയിലെയും മലയാളികളുടെ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്ന ഈ കളിക്കളത്തില്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുമെന്നു സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് പറഞ്ഞു.

സമാജം കോമ്പൌണ്ടില്‍ കുട്ടികള്‍ക്കു കളിക്കാനുള്ള ഇന്‍ഡോര്‍ പാര്‍ക്കും ഉടന്‍തന്നെ സജ്ജമാക്കും. എന്‍എംസി ആശുപത്രി ഗ്രൂപ്പിന്റെ സഹകരണത്തോടെയാണു പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.

ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന ഇന്‍ഡോര്‍ ഓഡിറ്റോറിയം, മിനി ഹാളുകള്‍, ലൈബ്രറി, വായനശാല, പ്രാര്‍ഥനാമുറി, കാന്റീന്‍ എന്നിവയെല്ലാം ഇപ്പോള്‍ മലയാളിസമാജത്തില്‍ സജ്ജമാണ്. ഇപ്പോള്‍ ഭരിക്കുന്ന കമ്മിറ്റിയുടെ കാലാവധി ഏപ്രില്‍ മാസത്തോടെ അവസാനിക്കുകയാണ്. അതിനുള്ളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണു പ്രസിഡന്റ് ഷിബു വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ശ്രമം.

പ്രവര്‍ത്തനമികവിന്റ മാനദണ്ഡത്തില്‍ അബുദാബി മലയാളി സമാജത്തിനു ലഭിച്ച കടഛ 90012008 ന്റെ പ്രഖ്യാപനവും വ്യാഴാഴ്ച വൈകുന്നേരം നടക്കും. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം, എം.എ. യൂസുഫ് അലി, എ. സമ്പത്ത് എംപി, പാലോട് രവി എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള