സീസണ്‍ സമയത്ത് കരിപ്പൂര്‍ വിമാനത്താവളം അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കണം- കെഡിഎന്‍എ
Thursday, March 5, 2015 6:00 AM IST
കുവൈറ്റ്: വര്‍ഷത്തിലെ ഏറ്റവും തിരക്കുകൂടിയ മേയ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ റണ്‍വേ പുനര്‍നിര്‍മാണത്തിന്റെ പേരില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു കോഴിക്കോട് ഡിസ്ട്രിക്ട് എന്‍ആര്‍ഐ അസോസിയേഷന്‍ ആവശ്യപ്പെട്ടു. മലബാറിലെ യാത്രക്കാരെയാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുക. കേരളത്തില്‍ നന്നായി മഴപെയ്യുന്ന ഈ കാലയളവില്‍ എങ്ങനെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കണം. സ്കൂള്‍ അവധിയും റംസാനും പെരുന്നാളും ഗള്‍ഫ് മലയാളികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന സമയമാണ്. ഈ സമയംതന്നെ റണ്‍വേ വികസനത്തിന്റെ സമയം നിശ്ചയിച്ചത് ചില താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

എയര്‍ ബസ് 330, 747, ബി 777 തുടങ്ങിയ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതിയാണു നിര്‍ത്താന്‍ പോകുന്നത്. ഗള്‍ഫ് നാടുകളില്‍നിന്നു വരുന്ന മിക്ക വിമാനങ്ങളും ഈ നമ്പരുകളില്‍പ്പെടുന്ന വിമാനനങ്ങള്‍ ആണെന്നിരിക്കെ ഗള്‍ഫ് സര്‍വീസ് പൂര്‍ണമായും നിലയ്ക്കാനാണു സാധ്യത. കരിപ്പൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിനു യാത്രക്കാരെ ഈ നീക്കം പ്രതികൂലമായി ബാധിക്കും. പല എയര്‍ ലൈന്‍സുകളും കോഴിക്കോട് ബുക്കിംഗ് റദ്ദാക്കിയിരിക്കുന്നു. വര്‍ഷങ്ങളായി കോഴിക്കോട് എയര്‍പോര്‍ട്ടില്‍ 'റീ കാര്‍പെറ്റിംഗ്' നടക്കാറുണ്ട് ഏറ്റവും ഒടുവില്‍ 2013 ല്‍ റണ്‍വേയില്‍ കിലോമീറ്ററുകളോളം വിള്ളലുകള്‍ ഉണ്ടായിട്ടുപോലും എയര്‍പോര്‍ട്ട് അടച്ചിടാതെയാണ് മെയിന്റനന്‍സ് വര്‍ക്ക് നടത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ കൂടിയാല്‍ രണ്ടു മാസംകൊണ്ട് തീരാവുന്ന പണികള്‍ക്കുവേണ്ടിയാണു യാതൊരു ബദല്‍സംവിധാനവും ഒരുക്കാതെ എയര്‍പോര്‍ട്ട് അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍വീസുകള്‍ മുടങ്ങുമ്പോള്‍ വിദേശ വിമാന കമ്പനികള്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ ഇടയുണ്ട്. അതുവഴി എയര്‍ പോര്‍ട്ടിന്റെ അന്താരാഷ്ട്ര പദവിപോലും ഇല്ലാതായേക്കാം. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കേരളത്തില്‍നിന്നുള്ള എംപിമാരും വിഷയത്തില്‍ ഇടപെടണമെന്നും കെഡിഎന്‍എ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍