ന്യൂയോര്‍ക്ക്: കേരള കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കക്ക് യുവ നേതൃത്വം. ന്യൂയോര്‍ക്കില്‍ ക്വീന്‍സിലുള്ള അസോസിയേഷന് ഓഫീസില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ബിനോയ് ചെറിയാന് (പ്രസിഡന്റ്), വര്‍ഗീസ് ചുങ്കത്തില്‍ (സെക്രട്ടറി), സാമുവേല്‍ മത്തായി (ട്രഷറര്‍), ജോര്‍ജ് മാറാച്ചേരില്‍ (വൈസ് പ്രസിഡന്റ്), സൌമ്യ കുറുപ്പ് (ജോ. സെക്രട്ടറി), റിനോജ് കോരുത് (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സോണി പോള്‍, തോമസ് വര്‍ഗീസ്, ശബരീനാഥ് നായര്‍, രാജു എബ്രഹാം, കുരിയാക്കോസ് മുണ്ടക്കല്‍, സുരേഷ് കുറുപ്പ്, കരുണാകരന് പിള്ള, അജിത് കൊച്ചുകുടിയില്‍, ജേക്കബ് ഏബ്രഹാം, വിന്‍സന്റ് പി. ജോസഫ്, ബാഹുലേയന് രാഘവന്, സുനില്‍ നായര്‍, ജോണ്‍ സ്കറിയ, ഷെബി പാലത്തിങ്കല്‍, തോമസ് ഉമ്മന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
അമേരിക്കയിലെ പ്രവാസികളായ മലയാളിസമൂഹത്തിന്റെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന യുവാവാണു ബിനോയ് ചെറിയാന്. ചിത്രരചനയും കവിതയും കൈമുതലായി സൂക്ഷിക്കുന്ന ബിനോയ്, ആഗോള പ്രവാസികള്‍ക്കു സുപരിചിതനാണ്. സാമൂഹിക അനീതികള്‍ക്കെതിരേ എന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാന്‍ ബിനോയ് പ്രത്യേകം ശ്രദ്ധിക്കുന്നു. 2015ല്‍ ക്രിയാത്മകമായ കാര്യപരിപാടികളോടെ സംഘടനയെ നയിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.സമ്പുഷ്ടമായ ജീവിതാനുഭവങ്ങളും സംഘടനാപരമായ ഭരണപരിചയവും സ്വായത്തമാക്കിയ വ്യക്തിത്വത്തിനുടമയാണു വര്‍ഗീസ് ചുങ്കത്തില്‍.
2015-ല്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന് നൂതനമായ ജനകീയ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നു ട്രഷറര്‍ സാമുവേല്‍ മത്തായി അറിയിച്ചു. കെസിഎഎന്‍എയുടെ ആരംഭകാലം മുതല്‍ സംഘടനയോടൊപ്പം പ്രവര്‍ത്തിച്ചുവരുന്ന സാമുവേല്‍ മത്തായി നോര്‍ത്ത് അമേരിക്കയില്‍ 'സാംസി കൊടുമണ്‍' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഒരു സാഹിത്യകാരന് കൂടിയാണ്.
റിപ്പോര്‍ട്ട്: മൊയ്തീന് പുത്തന്‍ചിറ