ഇടാത്തിയുടെ ശിക്ഷാ തുക കാരുണ്യസംഘടന നിരസിച്ചു
Wednesday, March 4, 2015 8:09 AM IST
ബര്‍ലിന്‍: ബാലലൈംഗിക കേസില്‍ ശിക്ഷിക്കപ്പെട്ട ജര്‍മന്‍ മലയാളി മുന്‍ എം.പി. സെബാസ്റ്റ്യന്‍ ഇടാത്തിയുടെ ശിക്ഷാ തുക ചൈല്‍ഡ് പ്രൊട്ടക്ഷന്‍ചാരിറ്റി ഫെഡറേഷന്‍ എന്ന സംഘടന നിരസിച്ചു. 5,000 യൂറോ പിഴയടയ്ക്കാനാണു തിങ്കളാഴ്ച വെര്‍ഡന്‍ ജില്ലാ കോടതി വിധിച്ചത്.

നീഡര്‍സാക്സനിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ചാരിറ്റി ഫെഡറേഷന്‍ ഈ തുകയെ 'ഫെയ്റ്റല്‍ സിഗ്നല്‍'എന്ന് പ്രത്യേകം വിശേഷിപ്പിക്കുകയും ചെയ്തു. കോടതി നിര്‍ദേശിച്ച പിഴതുക കുട്ടികളുടെ ക്ഷേമത്തിനു വേണ്ടെന്നാണു ഫെഡറേഷന്റെ തീരുമാനമെന്നു കോടതിയെ അറിയിച്ചു. ഈ തുക സ്വീകരിച്ചാല്‍ കുട്ടികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്ന തോന്നല്‍ ഉണ്ടാവുമെന്ന് കഴിഞ്ഞ അറുപതു കൊല്ലമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ അറിയിച്ചു. ഇതോടെ ഇടാത്തി കേസില്‍ ഒന്നുകൂടി അവഹേളിക്കപ്പെട്ടു. ഈ തുക ഇനി എന്തു ചെയ്യുമെന്നു കോടതി പിന്നീട് വെളിപ്പെടുത്തുമെന്നു കോടതി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍