യുക്രെയ്ന്‍ പ്രശ്നം: യൂറോപ്യന്‍ നേതാക്കളുമായി ഒബാമ ചര്‍ച്ച നടത്തും
Wednesday, March 4, 2015 8:08 AM IST
ബ്രസല്‍സ്: യുക്രെയ്ന്‍ പ്രശ്നം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന നടത്തുന്ന ചര്‍ച്ചയില്‍, റഷ്യയ്ക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതാവും മുഖ്യ അജന്‍ഡ.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് വൈറ്റ്ഹൌസ് അറിയിച്ചു.

യുക്രെയ്നില്‍ വിമതര്‍ക്ക് ആളും അര്‍ഥവും ആയുധവും നല്‍കി സഹായിക്കുന്നതു റഷ്യയാണെന്നു യുഎസും യൂറോപ്പും ആരോപിക്കുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ റഷ്യ നിരന്തരം നിരാഹരിച്ചു.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദും മധ്യസ്ഥം വഹിച്ച ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ ധാരണയായിരുന്നെങ്കിലും ഇതും ലംഘിക്കപ്പെടുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍