രക്തധമനികളെ ശുദ്ധമാക്കാന്‍ കാപ്പി
Wednesday, March 4, 2015 8:08 AM IST
ബര്‍ലിന്‍: സ്ഥിരമായി കാപ്പി കുടിക്കുന്നവരുടെ രക്തധമനികള്‍ മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് കൂടുതല്‍ ശുദ്ധമായിരിക്കുമെന്നു കൊറിയന്‍ ഗവേഷകര്‍. ഹൃദ്രോഗങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ധമനികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോള്‍. ഇതു നീക്കാനുള്ള കാപ്പിയുടെ ശേഷിയാണു ഗവേഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നത്.

കാല്‍ ലക്ഷത്തോളം സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ദിവസം മൂന്നു മുതല്‍ അഞ്ചു കപ്പു വരെ കാപ്പി കുടിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് പരിമിതമാണെന്ന് ഇതില്‍ വ്യക്തമാക്കുന്നു.

കാപ്പി ഹൃദയത്തിനു നല്ലതോ ചീത്തയോ എന്ന സംവാദത്തിനും ഇതോടെ പുതുജീവന്‍ വയ്ക്കുകയാണ്.

പഠനത്തില്‍ മെഡിക്കല്‍ സ്കാനുകള്‍ ഉപയോഗിച്ചാണ് ആര്‍ട്ടറികളുടെ ശുദ്ധി പരിശോധിച്ചിരിക്കുന്നത്. കാപ്പി ഇതിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അന്വേഷിച്ചിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍