കെംപാപുര അപകടം: എയര്‍പോര്‍ട്ട് റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കായി ആകാശപ്പാത നിര്‍മിക്കും
Wednesday, March 4, 2015 7:50 AM IST
ബംഗളൂരു: തിരക്കേറിയ എയര്‍പോര്‍ട്ട് റോഡില്‍ കെംപാപുര ജംഗ്ഷനില്‍ കാല്‍നടയാത്രികര്‍ക്കായി ആകാശപ്പാത നിര്‍മിക്കാന്‍ തീരുമാനം. ബിബിഎംപി കമ്മീഷണര്‍ എം. ലക്ഷ്മിനാരായണയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ഇവിടെയുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിയടക്കം രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്ന കാല്‍നടയാത്രികര്‍ക്കു നേരെ ടാങ്കര്‍ ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ആകാശപ്പാത നിര്‍മിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്കിയത്. ഹെബ്ബാള്‍ മേല്‍പ്പാലത്തിനു ശേഷമുള്ള എയര്‍പോര്‍ട്ട് റോഡ് ദേശീയപാത -ഏഴിന്റെ ഭാഗമാണ്. ഇതിനാല്‍ നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ബിബിഎംപി അറിയിച്ചു. അതുവരെ കെംപാപുര ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും കാല്‍നടയാത്രികര്‍ക്കു സുരക്ഷിതമായി റോഡു മുറിച്ചുകടക്കുന്നതിനു സൌകര്യമൊരുക്കുന്നതിനുമായി കൂടുതല്‍ പോലീസുകാരെ നിയമിക്കും.