നാമത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
Wednesday, March 4, 2015 6:50 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സാംസ്കാരിക സംഘടനയായ 'നാമം' ഫെബ്രുവരി 27ന് (വെളളി) പ്ളെയ്ന്‍സ് ബറോ ക്രൌണ്‍ ഓഫ് ഇന്ത്യയില്‍ നടത്തിയ ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ നടത്തി സ്ഥാനമേറ്റു. സ്ഥാപക നേതാവ് മാധവന്‍ ബി. നായര്‍ പുതിയ ഭാരവാഹികള്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു.

മനോജ് കൈപ്പിളളിയുടെ ഭക്തിനിര്‍ഭരമായ പ്രാര്‍ഥനാഗാനത്തോടെ തുടങ്ങിയ ചടങ്ങില്‍ മാധവന്‍ ബി. നായര്‍ പുതിയ സാരഥികളെ ഔദ്യോഗികമായി പരിചയപ്പെടുത്തി. നാമത്തിന്റെ പിറവി മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലു സജീവമായി പ്രവര്‍ത്തിച്ച ഡോ. ഗിതേഷ് തമ്പിയുടെ നേതൃത്വത്തിലുളള കമ്മിറ്റിയുടെ കൈയില്‍ നാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാമത്തിന്റെ അത്ഭുതപൂര്‍വമായ വളര്‍ച്ചയില്‍ സഞ്ജീവ് കുമാറിന്റെയും വിനീത നായരുടെയും സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്നു സദസിനെ അദ്ദേഹം ഓര്‍മിപ്പിച്ചു.

ഓരോ വര്‍ഷവും നാമം എക്സലന്‍സ് അവാര്‍ഡ് നിശയില്‍ കൂടിവരുന്ന ജനപ്രാതിനിധ്യം നാമം എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാമത്തിന്റെ നേതൃത്വത്തില്‍ വനിതകളുടെയും കുട്ടികളുടെയും പ്രത്യേക ഫോറം രൂപീകരിക്കുമെന്നും പുതിയതായി ചുമതലയെടുത്ത യുവനേതൃത്വത്തിന് അസാധ്യമായതൊന്നുമില്ലെന്നും പറഞ്ഞ് അദ്ദേഹം പുതിയ കമ്മിറ്റിക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് ഡോ. ഗിതേഷ് തമ്പിയെ നാമത്തിന്റെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു.

നാമത്തിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ തികച്ചും മികവുറ്റതാക്കാന്‍ പുതിയ പ്രവര്‍ത്തകരോടൊപ്പം പ്രതിജ്ഞാബദ്ധമാണെന്നു പറഞ്ഞ നാമം പ്രസിഡന്റ് ഡോ. ഗിതേഷ് തമ്പി തന്റെ കമ്മിറ്റിയംഗങ്ങളെ അനുമോദിച്ചു.

മാധവന്‍ നായരുടെ നേതൃത്വത്തിലുളള ചുറുചുറുക്കുളള യുവനേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്കൊരു മാതൃകയാണെന്ന് അഭിപ്രായപ്പെട്ട ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പളളി, പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ വിവിധ സാമൂഹിക നേതാക്കള്‍ പങ്കെടുത്തു. വളരെ ലളിതമായ തുടക്കത്തില്‍ നിന്നും വലിയ ദര്‍ശനങ്ങള്‍ ഉളള പ്രസ്ഥാനമായി മാറിയ നാമത്തിന്റെ പ്രവര്‍ത്തകരെ അറ്റോര്‍ണി രാമചീരാത്ത് അഭിനന്ദിച്ചു.

ശാന്തിഗ്രാമം കേരള ആയൂര്‍വേദ കമ്പനി പ്രസിഡന്റ് ഡോ. ഗോപിനാഥന്‍ നായരും സഹധര്‍മ്മിണി ഡോ. അംബികാ ഗോപിനാഥന്‍ നായരും നാമം പ്രവര്‍ത്തകരില്‍ അവര്‍ക്കുളള ആത്മവിശ്വാസം പ്രകടിപ്പിച്ചതോടൊപ്പം എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തു.

എന്നും പുതിയ ആശയങ്ങള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്തിരുന്ന നാമത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അരുണ്‍ ശര്‍മ്മ ഭാവുകങ്ങള്‍ നേര്‍ന്നു.

നാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഗുരുസ്ഥാനീയനായ മാധവന്‍ നായര്‍ ഉളളതുകൊണ്ട് ഈ സംഘടനയുടെ ഭാവിയെപ്പറ്റി ഒട്ടുംതന്നെ ആശങ്കയില്ലെന്നു മനോജ് കൈപ്പിളളി പറഞ്ഞു.

തീര്‍ത്തും നടപ്പാക്കാന്‍ കഴിയാത്ത ആശയം എന്നു നാമത്തിന്റെ തുടക്കത്തില്‍ നിരുത്സാഹപ്പെടുത്തിയവരെ എല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ടു നാമം ലോക മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന തരത്തിലായിരുന്നു നാമത്തിന്റെ വളര്‍ച്ചയെന്ന് ജയപ്രകാശ് കുളമ്പില്‍ അഭിപ്രായപ്പെട്ടു.

മറ്റ് അതിഥികളായ മിത്രാസ് രാജന്‍ ചീരന്‍, ന്യൂജേഴ്സിയുടെ വാനമ്പാടി സുമാ നായര്‍ എന്നിവര്‍ എല്ലാ ഭാരവാഹികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഭാവുകള്‍ നേര്‍ന്നു.

നാമത്തിന്റെ മറ്റു സാരഥികളായ വിനീത നായര്‍ (വൈസ് പ്രസിഡന്റ്), അജിത് പ്രഭാകര്‍ (സെക്രട്ടറി), ഡോ. ആഷാ വിജയകുമാര്‍ (ട്രഷറര്‍), അപര്‍ണ അജിത് കണ്ണന്‍ (ജോയിന്റ് ട്രഷറര്‍), രാജശ്രീ പിന്റോ (പിആര്‍ഒ), മാലിനി നായര്‍ (കള്‍ച്ചറല്‍ സെക്രട്ടറി), സഞ്ജീവ് കുമാര്‍ (ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍) എന്നിവരും നാമം എക്സിക്യൂട്ടീവ് ഭാരവാഹികളായ മായാ മേനോന്‍, പ്രേം നാരായണ്‍, സജിത് പരമേശ്വരന്‍, രാജേഷ് രാമചന്ദ്രന്‍, കാര്‍ത്തിക് ശ്രീധര്‍, സനല്‍ കുമാര്‍ നായര്‍ എന്നിവരും ഔദ്യോഗികമായി ഭാരവാഹിത്വം ഏറ്റെടുത്തുകൊണ്ടു സംസാരിച്ചു.

നാമം കുടുംബത്തിലെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിനു മാറ്റു കൂട്ടി. മനോജ് കൈപ്പിളളി, സുമ നായര്‍, ചടങ്ങില്‍ എംസിയായിരുന്ന വിനീത നായര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മാലിനി നായരുടെ മക്കളായ അര്‍ജുന്‍ നായര്‍, അജയ് നായര്‍ എന്നിവര്‍ നൃത്തം അവതരിപ്പിച്ചു.