സിംഗ് ന്യൂയോര്‍ക്ക് വിത്ത് ജെറി അമല്‍ദേവ്: ടിക്കറ്റ് വിതരണം കിക്ക്ഓഫ് ചെയ്തു
Wednesday, March 4, 2015 6:39 AM IST
ന്യൂയോര്‍ക്ക്: മേയ് 29}ു റോക്ക്ലാന്‍ഡില്‍ അരങ്ങേറുന്ന 'സിംഗ് ന്യൂയോര്‍ക്ക് വിത്ത് ജെറി അമല്‍ദേവ്' എന്ന സംഗീത പരിപാടിയുടെ ടിക്കറ്റ് വിതരണത്തിന്റെ കിക്ക് ഓഫ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ ആദ്യ ടിക്കറ്റ് പ്ളാറ്റിനം സ്പോണ്‍സര്‍ ജയിന്‍ ജേക്കബ്, ഡോ. റീന ജേക്കബ് എന്നിവര്‍ക്കു നല്‍കി വികാരി ഫാ. തദേവൂസ് അരവിന്ദത്ത് നിര്‍വഹിച്ചു.

ഗ്രാന്റ്സ്പോണ്‍സറും സംഘാടക കമ്മിറ്റി ചെയര്‍മാനുമായ ജേക്കബ് ചൂരവടി, രണ്ടു ഡസനില്‍ പരം വിഐപി സ്പോണ്‍സര്‍മാര്‍ എന്നിവരും ടിക്കറ്റ് ഏറ്റു വാങ്ങി.

ധന സമാഹരണത്തിനുള്ള പരിപാടിയല്ല ഇതെന്നു ഫാ. തദേവൂസ് പറഞ്ഞു. മൂന്നു പതിറ്റാണ്ടായി മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന ഈണങ്ങള്‍ സമ്മാനിച്ച ജെറി അമല്‍ദേവ് 75-ാം വയസിലും ഇത്തരമൊരു ദൌത്യത്തിനു വരാന്‍ സമ്മതിച്ചത് വലിയ കാര്യമാണ്. ഒരു മാസത്തിലേറെ ന്യൂയോര്‍ക്കിലുള്ള അമല്‍ദേവ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും കോറല്‍ സിംഗിംഗ് ഗ്രൂപ്പിനു രൂപം കൊടുക്കുകയും ചെയ്യുമെന്ന് മ്യുസിക്ക് കമ്പോസറും രചയിതാവുംകൂടിയായ ഫാ. തദേവൂസ് പറഞ്ഞു.

സംഘാടക കമ്മിറ്റിയെയും അദ്ദേഹം പരിചയപ്പെടുത്തി. സുബിന്‍ മുട്ടത്ത് (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍), ചെറിയാന്‍ മാത്യു (പ്രോഗ്രാം), ജോസഫ് കാടംതോട് (റിസപ്ഷന്‍), സജി മാത്യു (ഫൈനാന്‍സ്) എന്നിവരാണു കോ-ഓര്‍ഡിനേറ്റര്‍മാര്‍.

പരിപാടികള്‍ ട്രസ്റിമാരായ ജോര്‍ജ് എടാട്ടേല്‍, ഷാജന്‍ തോട്ടക്കര, സാജന്‍ തോമസ്, ഡെജി ഫിലിപ്പ് എന്നിവര്‍ നിയന്ത്രിക്കും.

പരിപാടിയുടെ മീഡിയ സ്പോണ്‍സറായ മലയാളി എഫ്എം റേഡിയോ ഇതോടനുബന്ധിച്ച് സംഗീതം മത്സരവും നടത്തുന്നു. ജെറി അമല്‍ദേവ് ഈണം പകര്‍ന്ന ഏതെങ്കിലും ഗാനം പാടി റെക്കോര്‍ഡ് ചെയ്ത് ഈമെയില്‍ ആയി അയച്ചുകൊടുക്കണം. അത് ഫേസ്ബുക്കില്‍ ഇടും. അതില്‍നിന്നു ഒരു ഗാനം അമല്‍ദേവ് തെരെഞ്ഞെടുക്കും. വിജയിക്ക് അമല്‍ദേവിനൊപ്പം സംഗീതാഭ്യസനത്തിനും മേയ് 29നു ക്ളാര്‍ക്സ്ടൌണ്‍ സൌത്ത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പാടാനും അവസരം ലഭിക്കും. അമല്‍ദേവിനൊപ്പം അമേരിക്കയിലെ സംഗീതപ്രതിഭകളും വേദി പങ്കിടും.

ഏപ്രില്‍ 28ന് എത്തുന്ന അമല്‍ ദേവിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് മേഖലയിലെ പള്ളികളിലെ ഗായകര്‍ക്കു പരിശീലനവും ലക്ഷ്യമിടുന്നു. സെന്റ് മേരീസ് ചര്‍ച്ചിലെ ഗായകസംഘത്തെ രൂപപ്പെടുത്തുന്നതിനും അദ്ദേഹം മുഖ്യപങ്കു വഹിക്കും.

സംഗീതത്തിലെ വിവിധമേഖലകളില്‍ പ്രാവീണ്യം തെളിയിച്ച അമല്‍ദേവിനൊപ്പം അരങ്ങിലെത്താന്‍ ന്യൂയോര്‍ക്ക് മേഖലയിലെ പാടിത്തെളിഞ്ഞവര്‍ക്കും നവാഗതര്‍ക്കും അവസരം ലഭിക്കും. ലൈവ് ഓക്കസ്ട്രയോടെയാണു പരിപാടി.

മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ സംഗീത സംവിധായകനായാണു ജെറി അമല്‍ദേവ്. അതിനുമുമ്പ് ഒരു വ്യാഴവട്ടത്തിലേറെ അദ്ദേഹം അമേരിക്കയിലുണ്ടായിരുന്നു.

കൊച്ചിയില്‍ ജനിച്ച അദ്ദേഹം വടക്കേ ഇന്ത്യയില്‍ വിദ്യാഭ്യാസവും സംഗീതപഠനവും നടത്തി. തുടര്‍ന്ന് ഹിന്ദി സംഗീതജ്ഞന്‍ നൌഷാദിന്റെ അസിസ്റന്റായി ആദ്മി, പാല്‍കി, സംഘര്‍ഷ്, ദില്‍ ദിയ ദര്‍ദ് ലിയ, സാഥി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് അമേരിക്കയിലെത്തിയ അദ്ദേഹം 1971ല്‍ ലൂയിസിയാനയിലെ സേവ്യര്‍ യൂണിവേഴ്സിറ്റിയില്‍നിന്നു സംഗീതത്തില്‍ ബാച്ച്ലര്‍ ബിരുദം നേടി. 1975ല്‍ ന്യൂയോര്‍ക്കില്‍ ഇഥാക്കയിന്‍ കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍നിന്നു സംഗീതത്തില്‍ മാസ്റ്റേഴ്സ് പോഗ്രാമിനു ചേര്‍ന്നു. അവിടെവച്ച് സംഗീതം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ രാഗാ മ്യൂസിക് ഫോര്‍ പിയാനോ, വാര്‍ണര്‍ കമ്യൂണിക്കേഷനിലൂടെ പ്രകാശനം ചെയ്തു.

ന്യൂയോര്‍ക്ക് സിറ്റിയിലും വെസ്റ് ചെസ്ററിലും നാലു വര്‍ഷത്തോളം കുട്ടികള്‍ക്ക് പിയാനോ ക്ളാസ് എടുത്തു. 1979ല്‍ യേശുദാസിനെക്കൊണ്ടു പാടിച്ച് ആത്മാ കി ആവാസ് എന്ന സംഗീത ആല്‍ബം പുറത്തിറക്കി.

പിന്നീട് കേരളത്തിലെത്തി മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ താരമായതോടെ 75ല്‍പരം ചിത്രങ്ങള്‍ക്കു സംഗീത സംവിധാനം നിര്‍വഹിച്ചു. കൂടാതെ ഒട്ടേറെ ആല്‍ബങ്ങളുടെ സംഗീതവും നിര്‍വഹിച്ചു.

വിവരങ്ങള്‍ക്ക്: ജേക്കബ് ചൂരവടി 914 882 9361.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം