കേഫാക് ഗ്രാന്റ് ഹൈപ്പര്‍ ലീഗ് : ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി
Tuesday, March 3, 2015 7:51 AM IST
കുവൈറ്റ്: കെഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ ലീഗില്‍ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍. കണ്ണിമ ചിമ്മുന്നതിനെക്കാള്‍ വേഗമുള്ള പോരാട്ടങ്ങള്‍ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കണ്ണിനും കാലിനും ഒരുപോലെ വേഗമേറുന്ന ക്വാര്‍ട്ടറിലെ ആദ്യ മത്സരം തന്നെ തീപാറും.

നിലവിലുള്ള ജേതാക്കളായ ഫഹാഹീല്‍ ബ്രദേഴ്സ് ലീഗിലെ കറുത്ത കുതിരകളെന്ന വിശേഷണവുമായെത്തിയ ബ്രദേഴ്സ് കേരളയെ നേരിടും. മിശ്രിഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം നാലു മുതലാണു മത്സരം. രണ്ടാം മത്സരത്തില്‍ തുടര്‍ച്ചയായ എട്ടു കളികളില്‍ തോല്‍വി അറിയാതെ അപരാജിത റിക്കാര്‍ഡുമായി ഗ്രൂപ്പ് ജേതാക്കളായ മാക്ക് കുവൈറ്റും സ്റാര്‍ ലൈറ്റ് വാരിയേഴ്സുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. തുടര്‍ന്നു നടക്കുന്ന ക്വാര്‍ട്ടറില്‍ മലപ്പുറം ബ്രദേഴ്സ് നിലവിലെ കേഫാക് റണ്ണര്‍ അപ്പും പ്രാഥമിക റൌണ്ടില്‍ എട്ട് മത്സരങ്ങളില്‍ അഞ്ചു ജയവും മൂന്ന് സമനിലയുമായി മികച്ച പ്രകടനം കാഴ്ചവച്ച സോക്കര്‍ കേരളയെ നേരിടും. അവസാന മത്സരത്തില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ സിഎഫ്സി സാല്‍മിയയും യംഗ് ഷൂട്ടേഴ്സും തമ്മില്‍ സെമി ഫൈനലില്‍ ഇടംപിടിക്കാന്‍ പോരാടും.

പ്രവാസികളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കായിക സംസ്കാരം തിരിച്ചുപിടിക്കുന്നതോടപ്പം തന്നെ മികച്ച ടീമിനെയും കളിക്കാരെയും കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടയാണ് ഫുട്ബാള്‍ ലീഗിന് കുവൈറ്റില്‍ കേഫാക് തുടക്കം കുറിച്ചത്. വാശിയേറിയ പോരാട്ടങ്ങള്‍ കണ്ട സീസണ്‍ മൂന്നില്‍ അവിസ്മരണീയ കളി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ലീഗ് ഘട്ടം അവസാനിക്കുന്നത്. ചാമ്പ്യന്‍സ് എഫ്സിഎ ഗ്രൂപ്പിലെ എല്ലാ കളികളും തോറ്റ് ഏറ്റവും പിന്നിലായി.

ബി ഗ്രൂപ്പില്‍ കളിച്ച ബ്ളാസ്റേസ് എട്ടു കളികളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും നേടിയെങ്കിലും അവസാനസ്ഥാനത്തുനിന്നു മുന്നേറിയില്ല. കേരള സ്ട്രൈക്കേഴ്സ് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവസാന എട്ടില്‍ സ്ഥാനം കണ്െടത്താനായില്ല. നവാഗതരായ ബ്രദേഴ്സ് കേരള ക്വാര്‍ട്ടറില്‍ ഇടം നേടിയപ്പോള്‍ അല്‍ ശബാബ് താരതമ്യേന മികച്ച പ്രകടനം നടത്തി. ഗ്രൂപ്പ് ബിയില്‍ റൌദ ചാലഞ്ചേഴ്സും സിയാസ്കോയും ഒരു ജയം മാത്രം സ്വന്തമാക്കി മടങ്ങി. മരണഗ്രൂപ്പായ ഗ്രൂപ്പ് എയില്‍ ബിഗ് ബോയ്സ്, കെകെഎസ് സുറ എന്നിവര്‍ മൂന്ന് വിജയവും സ്പാര്‍ക്സ് എഫ്സി, സില്‍വര്‍ സ്റാര്‍ രണ്ട് ജയവും സ്വന്തമാക്കി ആദ്യ റൌണ്ടില്‍ത്തന്നെ മടങ്ങി. കുവൈറ്റിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812, 99783404, 97494035.

ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ്

ഫഹാഹീല്‍ ബ്രദേഴ്സ് - ബ്രദേഴ്സ് കേരള വെള്ളി വൈകുന്നേരം നാലിന്.
മാക്ക് കുവൈറ്റ് - സ്റാര്‍ ലൈറ്റ് വാരിയസ് വെള്ളി വൈകുന്നേരം 5.15 ന്.
മലപ്പുറം ബ്രദേഴ്സ് - സോക്കര്‍ കേരള വെള്ളി വൈകുന്നേരം 6.30 ന്.
സിഎഫ്സി സാല്‍മിയ - യംഗ് ഷൂട്ടേഴ്സ് വെള്ളി വൈകുന്നേരം 7.45 ന്.

ഷറിപ്പോര്‍ട്ട്: സലിം കോട്ടയില്‍