മാര്‍ ജേക്കബ് അങ്ങാടിയത്ത് സെന്റ് മേരീസ് മതബോധന സ്കൂള്‍ സന്ദര്‍ശിച്ചു
Monday, March 2, 2015 8:22 AM IST
ഷിക്കാഗോ : സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മാര്‍ച്ച് ഒന്നിനു (ഞായര്‍) സെന്റ് മേരീസ് മതബോധന സ്കൂള്‍ സന്ദര്‍ശിച്ചു.

രാവിലെ 10നു ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന ബിഷപ്പിനെ വികാരി ഫാ. തോമസ് മുളവനാല്‍, അസിസ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കര, കൈക്കാരന്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നു മതബോധന സ്കൂളിലെ വിവിധ ക്ളാസുകള്‍ പിതാവ് സന്ദര്‍ശിക്കുകയും കുട്ടികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

ഈ വര്‍ഷം ആദ്യ കുര്‍ബാനസ്വീകരണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ക്കു ബിഷപ് ഒരു മണിക്കൂര്‍ ക്ളാസ് എടുത്തു. കുട്ടികളുടെ ചോദ്യങ്ങള്‍ക്കു ബിഷപ് മറുപടി നല്‍കി. ചെറുപ്രായത്തില്‍ത്തന്നെ പ്രാര്‍ഥനകള്‍ മനഃപാഠമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സഭയില്‍ വിശുദ്ധര്‍ക്കുള്ള പ്രാധാന്യത്തെപ്പറ്റിയും മാര്‍ ജേക്കബ് അങ്ങാടിയത്ത് കുട്ടികള്‍ക്കു വിശദീകരിച്ചു. വിശുദ്ധരുടെ ജീവിതമാതൃക പിന്തുടരുവാന്‍ കുട്ടികള്‍ ഉല്‍സാഹം കാണിക്കണമെന്നു ബിഷപ് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ദേവാലയത്തില്‍ ജന്മദിനവും വിവാഹ വാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു. മതബോധന സ്കൂളിലെ കുട്ടികള്‍ക്കുവേണ്ടി ഇംഗ്ളീഷില്‍ മാര്‍ അങ്ങാടിയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. തോമസ് മുളവനാല്‍, ഫാ. സുനി പടിഞ്ഞാറേക്കര എന്നിവര്‍ സഹകാര്‍മികരായിരുന്നു. മതബോധന സ്കൂളിലെ അധ്യാപകരെ മാര്‍ അങ്ങാടിയത്ത് ആശീര്‍വദിച്ചു. ഇടവകയ്ക്കുവേണ്ടി കൈക്കാരന്‍മാരുടെ കോ-ഓര്‍ഡിനേറ്റര്‍ റ്റിറ്റോ കണ്ടാരപ്പള്ളി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി ജോസഫ്