'ഇസ്ലാമിക് സ്റേറ്റ്സ്; മുസ്ലിം സമൂഹം ജാഗ്രത പാലിക്കണം'
Monday, March 2, 2015 8:14 AM IST
അബാസിയ: ഇസ്ലാമിക ശരീഅത്തിന്റെയും ജിഹാദിന്റെയും പേരില്‍ കടന്നു വന്ന 'ഇസ്ലാമിക് സ്റേറ്റ്സ്' എന്ന നിഗൂഢ സംഘത്തെ കരുതിയിരിക്കണമെന്ന് കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ അബാസിയ ഇന്റഗ്രേറ്റഡ് സ്കൂള്‍ ഗ്രൌണ്ടില്‍ സംഘടിപ്പിച്ച 'വിസ്ഡം എന്‍ ലൈറ്റനിംഗ് കോണ്‍ഫറന്‍സ്' ആഹ്വാനം ചെയ്തു. ജിഹാദിന്റെ അര്‍ഥതലങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് ചോരക്കളം തീര്‍ക്കുന്ന ഈ തീവ്രവാദി സംഘത്തിനു മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടാന്‍ കഴിയില്ലെന്നു സമ്മേളനം അഭിപ്രായപ്പെട്ടു.

മഹിതമായ ഒരു ചരിത്ര പാരമ്പര്യമുള്ള നാടാണു ഭാരതം. വിവിധ സംസ്കാരങ്ങളുടെ സങ്കലന ഭൂമി. അവിടെ ഒരു ദാര്‍ശനിക ശക്തിയായി ഖലീഫ ഉമറിന്റെ കാലത്ത് ഇസ്ലാം കടന്നുവന്നത്. ഭാരതത്തിന്റെ അഷ്ടദിക്കുകളില്‍ വ്യാപരിച്ച സമാധാന സന്ദേശമായ ഇസ്ലാം ഇന്ത്യയിലിരുന്നുകൊണ്ടുതന്നെ ലോകോത്തര പണ്ഡിതരെയും വ്യക്തിത്വങ്ങളെയും സംഭാവന ചെയ്തുവെന്ന് വിസ്ഡം എന്‍ ലൈറ്റനിംഗ് കോണ്‍ഫറന്‍സിന്റെയും വിസ്ഡം സ്കൂളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് കുവൈറ്റ് പാര്‍ലമെന്റ് അംഗം ഡോ. അബ്ദുറഹ്മാന് അല്‍ ജീറാന്‍ വ്യക്തമാക്കി.

എട്ടു നൂറ്റാണ്ട് നീണ്ടുനിന്ന മുസ്ലിം ഭരണത്തിന്റെ പൈതൃകത്തില്‍ അഭിരമിക്കുന്ന ഇന്ത്യ മാനവിക മൂല്യങ്ങളുടെ മായാത്ത കൊത്തുവേലകള്‍ ചെയ്തുവച്ചിട്ടുണ്ട്.

ഭാരത മണ്ണിനടിയിലുള്ള വിഭവങ്ങളും പുറത്തുള്ള മനുഷ്യവിഭവവും ഒന്നിച്ച് ചേര്‍ത്താല്‍ ലോകത്തെ വെല്ലുന്ന സാമ്പത്തികസ്രോതസായി ഇന്ത്യക്ക് മാറാന്‍ പറ്റും. ഇതു മനസിലാക്കിയ വിദേശികള്‍ ഇന്ത്യയുടെ സാമ്പത്തിക സ്രോതസുകളെ കൊള്ളയടിച്ചു. അറിവില്‍ ഉയര്‍ന്നുവന്നിരുന്ന ഒരു ജനതയുടെ സാംസ്കാരിക ഉന്നമനത്തെ കുതന്ത്രങ്ങളിലൂടെ മരവിപ്പിച്ചു. സുരഭില ഭാരതം ജാതിയുടെയും ഭാഷകളുടെയും പേരില്‍ തല്ലിച്ചത്തു. ഇത് മനസിലാക്കി വൈരങ്ങള്‍ മറന്ന് ഐക്യദാര്‍ഢ്യത്തോടെ നഷ്ടപ്രതാപം വിണ്െടടുക്കാന്‍ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു.

തുടര്‍ന്ന് പ്രഭാഷണം നടത്തിയ യുഎഇയിലെ പ്രമുഖ പ്രബോധകനും പ്രഭാഷകനുമായ സിറാജുല്‍ ഇസ്ലാം ബാലുശേരി ജന്മമരണങ്ങള്‍ക്കിടയിലെ മനുഷ്യജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്ന ഇസ്ലാമിന്റെ മാനവികത അപഗ്രഥനം ചെയ്തു.

വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ താജുദ്ദീന്‍ സ്വലാഹി വഴിതെറ്റുന്ന യുവതയ്ക്ക് മോക്ഷത്തിന്റെ വഴിയടയാളങ്ങള്‍ നാട്ടിവയ്ക്കുന്ന വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷനെ പരിചയപ്പെടുത്തി. കാമ്പസില്‍ കരിഞ്ഞു പോകുന്ന യുവതയ്ക്ക് ധാര്‍മികതയുടെ ജീവജലം നല്‍കി നാടിനും കുടുംബത്തിനും മുതല്‍കൂട്ടാവുന്ന വ്യക്തിത്വങ്ങളെ വാര്‍ത്തു വിടുന്ന ഒരു ഉന്നത പ്രക്രിയയുടെ അക്ഷരകൂട്ടമാണ് വിസ്ഡം എന്ന് അദ്ദേഹം വിശദീകരിച്ചു.

കുവൈറ്റിലെ വിവിധ സംഘടനാ പ്രതിനിധികളായ സിദ്ധീഖ് വലിയകത്ത് (ഫിമ), തോമസ് കടവില്‍ (കല), അന്‍സാര്‍ (കെഐജി), ബഷീര്‍ ബാത്ത (കെഎംസിസി), ഇബ്രാഹിം കുന്നില്‍ (കെകെഎംഎ) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. ഇന്റര്‍നെറ്റില്‍ വാട്ട്സ്അപ്പ് ഗ്രൂപ്പിലൂടെ നടത്തുന്ന ഖുര്‍ആന്‍ പഠിതാക്കളുടെ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ. അബ്ദുറഹ് മാന്‍ അല്‍ ജീറാന് വിതരണം ചെയ്തു. കോണ്‍ഫറന്‍സിനോടനുബന്ധിച്ചു പുറത്തിറക്കിയ വിസ്ഡം ഓഡിയോ കിറ്റിന്റെ പ്രകാശനം ഇബ്രാഹിം അല്‍ അനസി നിര്‍വഹിച്ചു. പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ച പരിപാടിയില് അബ്ദുസമദ് കോഴിക്കോട്, സ്വലാഹുദ്ദീന് സ്വലാഹി, സുനാഷ് ഷുക്കൂര്‍, കെ.സി. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പ്രസീഡിയം അലങ്കരിച്ചു. ടി.പി. അബ്ദുള്‍ അസീസ് സ്വാഗതവും സക്കീര്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍