മുഖ്യമന്ത്രിക്കു നിവേദനമയച്ചു
Monday, March 2, 2015 4:16 AM IST
ജിദ്ദ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേ അറ്റകുറ്റപ്പണികളുടെ പേരില്‍ മേയ് മുതല്‍ ആറു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടു ഒഐസിസി ഷറഫിയ ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം അയച്ചു. സൌദി അറേബ്യ അടങ്ങുന്ന ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാലയങ്ങള്‍ അടച്ചു പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് അവധിക്കു തിരിക്കുകയും ഈദുല്‍ഫിതര്‍, ഓണം, ഹജ്ജ് തുടങ്ങിയ ഒട്ടനവധി വിശേഷങ്ങള്‍ ഉള്‍കൊള്ളുന്ന ഈ സീസണില്‍ കോഴിക്കോട് സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തണം എന്നത് പ്രവാസികളുടെ കാലങ്ങളേറെയായുള്ള ആവശ്യമാണ് എന്നിരിക്കേ ഈ കാലയളവില്‍ത്തന്നെ ഇത്തരം ഒരു തീരുമാനം എടുത്തത് പ്രവാസിസമൂഹത്തിനു ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. സാധാരണയില്‍ത്തന്നെ പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികള്‍ക്കു കൂടുതല്‍ ചൂഷണത്തിനുള്ള സുവര്‍ണാവസരമാണ് ഇത്തരം ഒരു തീരുമാനത്തിലൂടെ വ്യോമയാന മന്ത്രാലയം നല്‍കുന്നത് എന്നും അതിനാല്‍ തന്നെ പ്രസ്തുത തീരുമാനം ഹജ്ജ് കഴിയുന്നതു വരെ എങ്കിലും മാറ്റിവയ്ക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചൊലുത്തനമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു .

പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് കോടശേരി ഹൃസ്വസന്ദര്‍ശനത്തിനായി സൌദിയില്‍ എത്തിയ കെഎസ്യു മുന്‍ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ ഷാഫി പറമ്പിലിനു നിവേദനം കൈമാറി. നാട്ടില്‍ എത്തിയാലുടന്‍ നിവേദനം മുഖ്യമന്ത്രിക്കു കൈമാറുമെന്നും പ്രസ്തുത വിഷയത്തില്‍ മുഖ്യമന്ത്രിയോടും നിയമസഭയിലും ശക്തമായ നടപടി ആവശ്യപ്പെടുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു . പ്രവാസികളുടെ പൊതുവിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന ഒഐസിസി ഷറഫിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ ഷാഫി അഭിനന്ദിച്ചു.ജനറല്‍ സെക്രട്ടറി ഫസലുള്ള വെള്ളുവമ്പാലി. അക്ബര്‍ പട്ടാമ്പി, കെ.എ. കരീം മണ്ണാര്‍ക്കാട്, ഗ്ളോബല്‍ കമ്മിറ്റി അംഗം എം.സി. കുഞ്ഞാന്‍, നിസാര്‍ അമ്പലപ്പുഴ, കെ.ടി.എ. മുനീര്‍ എന്നിവരും സന്‍ഹിതരായിരുന്നു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍