ജര്‍മനിയില്‍ തിങ്കളാഴ്ച മുതല്‍ അധ്യാപകസമരം
Saturday, February 28, 2015 10:37 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ അധ്യാപകര്‍ തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി പണിമുടക്കും. ജര്‍മന്‍ എഡ്യുക്കേഷന്‍ ട്രേഡ് യൂണിയനായ ജിഇഡബ്ള്യുവാണു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഫെഡറല്‍ സ്റേറ്റുകളുടെ വേജ് കമ്മീഷനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു സമര ആഹ്വാനം. 5.5 ശതമാനം ശമ്പള വര്‍ധനയാണു യൂണിയന്‍ ആവശ്യപ്പെടുന്നത്. പ്രതിമാസം 175 യൂറോയാണ് ഇതു പ്രകാരമുള്ള ചുരുങ്ങിയ വര്‍ധന.

യൂണിയനും സ്റേറ്റുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പെന്‍ഷന്‍ സ്കീമും സാലറി ബ്രാക്കറ്റും സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ പരിഗണിക്കാന്‍ സാധിച്ചില്ല.

ബര്‍ലിനില്‍ തിങ്കളാഴ്ചതന്നെ പണിമുടക്ക് ആരംഭിക്കും. നോര്‍ത്ത്റൈന്‍ വെസ്റ് ഫാലിയയില്‍ ചൊവ്വാഴ്ചയാണു തുടങ്ങുക. സാക്സണി-അനാള്‍ട്ട്, തുരിംഗിയ എന്നിവിടങ്ങളിലും പണിമുടക്ക് ഉറപ്പായിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍