നാഷണല്‍ യൂത്ത് ക്യാമ്പ് സമാപിച്ചു
Saturday, February 28, 2015 10:33 AM IST
സിഡ്നി: സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് യൂത്ത് മൂവ്മെന്റിന്റെയും മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സ്റുഡന്റ് മൂവ്മെന്റിന്റെയും (എംജിഒസിഎസ്എം) സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ യൂത്ത് ക്യാമ്പ് ഫെബ്രുവരി 20 മുതല്‍ 22 വരെ ന്യൂ സൌത്ത് വെയില്‍സിലെ ഗോല്‍സ്ട്ടനില്‍ നടന്നു.

'കൊടുങ്കാറ്റിന്റെ മുമ്പിലും ശാന്തനായിരിക്കുക' എന്നതായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം. ഫെബ്രുവരി 20നു രാവിലെ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ അങ്കമാലി ഭദ്രാസനാധിപനും യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 'റിഥം ഓഫ് സോഷ്യല്‍ കമ്മിറ്റ്മെന്റ്സ്' എന്ന വിഷയത്തെ ആസ്പദമാക്കി പോളികാര്‍പ്പോസ് തിരുമേനിയുടെ ആമുഖ പ്രസംഗത്തോടെയാണ് ക്ളാസുകള്‍ ആരംഭിച്ചത്. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള ഗാന പരിശീലനങ്ങള്‍, ക്ളാസുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, കലാപരിപാടികള്‍ തുടങ്ങിയവ നടന്നു. എല്ലാ ദിവസവും കായികമത്സരങ്ങളും വിനോദപരിപാടികളും നടന്നു.

സമാപന ദിവസമായ ഫെബ്രുവരി 22നു (ഞായര്‍) ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. ക്യാമ്പില്‍ പങ്കെടുത്തവര്‍ എല്ലാവരും വിശുദ്ധ കുര്‍ബാന കൈകൊണ്ട് അനുഗ്രഹം പ്രാപിച്ചു. തുടര്‍ന്നു സമാപന സമ്മേളനത്തോടുകൂടി ക്യാമ്പ് സമാപിച്ചു. സിഡ്നി സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ. ഫാ. തോമസ് വര്‍ഗീസ് സ്വാഗതവും യുവജനപ്രസ്ഥാനം സെക്രട്ടറി മനോ കുര്യന്‍ നന്ദിയും പറഞ്ഞു.

ഓസ്ട്രേലിയയിലെ വിവിധ ഇടവകളിലെ വികാരിമാരായ റവ. ഫാ. തോമസ് വര്‍ഗീസ്, റവ. ഫാ. ഷിനു കെ. തോമസ്, റവ. ഫാ. ബെന്നി ഡേവിഡ്, റവ. ഫാ. ഫെര്‍ഡിനാന്‍ഡ് പത്രോസ് തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. വിവിധ ഓര്‍ത്തഡോക്സ് ഇടവകകളില്‍നിന്നുള്ള യുവജനപ്രസ്ഥാന അംഗങ്ങളും എംജിഒസിഎസ്എം പ്രവര്‍ത്തകരും ക്യാമ്പില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സുജീവ് വര്‍ഗീസ്