മിസോറിയില്‍ നാലുവീടുകളിലായി വെടിവെയ്പ്: അക്രമി ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു
Saturday, February 28, 2015 6:35 AM IST
മിസോറി: മൂന്നു മൈല്‍ ചുറ്റളവിലുളള നാലുവീടുകളില്‍ നടന്ന വെടിവെയ്പില്‍ തോക്കുധാരി ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 26നു (വ്യാഴാഴ്ച) രാത്രി മിസോറി ടൌണില്‍ ആണ് അതിദാരുണ സംഭവം. വെള്ളിയാഴ്ച രാവിലെ പ്രതിയെന്നു സംശയിക്കുന്ന 36 വയസുളള ജോസഫ് ജെസി ആള്‍ഡ്രിജിന്റെ മൃതദേഹം ജിഎംസി പിക്കപ്പില്‍ കണ്െടത്തി. കൊല്ലപ്പെട്ടവരില്‍ നാലു പേര്‍ പ്രതിയുടെ കുടുംബാംഗങ്ങളില്‍പെട്ടവരാണെന്ന് മിസോറി സ്റ്റേറ്റ് ട്രൂപര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

ഒമ്പതു പേരില്‍ പ്രതിയുടെ മാതാവ് ആലീസിന്റെ (74) മരണം സ്വാഭാവികമാണെന്നാണു പൊലീസ് നിഗമനം. പ്രതി മാതാവിനോടൊപ്പമാണു വളരെക്കാലമായി താമസിച്ചിരുന്നത്. വെടിവയ്ക്കുന്നതിന് പ്രതിയെ പ്രേരിപ്പിച്ചത് എന്തായിരുന്നുവെന്ന് അന്വേഷിച്ചുവരുന്നു. കൊല്ലപ്പെട്ടവരുടെ പൂര്‍ണ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ലെങ്കിലും കൊല്ലപ്പെട്ടവരില്‍ രണ്ടു ദമ്പതിമാര്‍ ഉണ്െടന്നു പോലീസ് പറയുന്നു.

സമീപ വീടുകളില്‍ നടന്ന വെടിവയ്പിനെക്കുറിച്ച് ഒരു പെണ്‍കുട്ടിയാണു പുറംലോകത്തെ വിവരം അറിയിച്ചത്. ഭീകരമായ ഒരു ദുരന്തമാണെന്നാണു മിസോറി ഗവര്‍ണര്‍ ജെ. നിക്സണ്‍ പ്രതികരിച്ചത്. ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളോടു ഗവര്‍ണര്‍ അനുശോചനം അറിയിച്ചു. സമീപ പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടെ ആവശ്യക്കാര്‍ക്കു കൌണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നു ഗവര്‍ണര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍