കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര പദവി ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തെ ചെറുക്കുക: മലപ്പുറം ജില്ലാ കെഎംസിസി
Thursday, February 26, 2015 10:16 AM IST
ജിദ്ദ: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര പദവി ഇല്ലാതാക്കാനും പ്രാധാന്യം നഷ്ടപ്പെടുത്താനും മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ച് വിമാനക്കമ്പനികളെ കരിപ്പൂരില്‍നിന്നു അകറ്റാനുമുള്ള എയര്‍പോര്‍ട്ട് അധികൃതരുടെ ഗൂഢാലോചന മുഴുവന്‍ കേരളീയരും കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളും തിരിച്ചറിയണമെന്നും ഈ നീക്കത്തെ പ്രവാസികള്‍ ഒന്നിച്ച് ചെറുക്കണമെന്നും ജിദ്ദാ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് വി.പി. മുസ്തഫയും ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടിയും ആവശ്യപ്പെട്ടു.

മേയ് മുതല്‍ ആറു മാസക്കാലം റണ്‍വേ അടച്ചിടുന്നതു മലബാറില്‍നിന്നുള്ള ലക്ഷക്കണക്കിനു പ്രവാസികളെപ്പോലെ ഹജ്ജ് ഉംറ തീര്‍ഥാടകരെയും പ്രതികൂലമായി ബാധിക്കുമെന്നും നാട്ടിലും ഗള്‍ഫ് നാടുകളിലും സ്കൂള്‍ വെക്കേഷന്‍ സമയത്തുള്ള ഈ അടച്ചിടല്‍ നിരവധി പ്രവാസി കുടുംബങ്ങളുടെ യാത്രകളെ സാരമായി ബാധിക്കുന്നതാണെന്നും അറ്റുകുറ്റപ്പണികളുടെ പേരും പറഞ്ഞ് കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ഭാഗികമായി അടച്ചിടാനുള്ള എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ ഈ ഗൂഢ തീരുമാനങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

മുംബൈയില്‍നിന്നു രണ്ടു ദിവസത്തെ ബസ് യാത്ര, ഓരോ ജില്ലകളിലെയും പ്രധാന സ്റോപ്പുകളില്‍നിന്നും സ്വന്തം വീട്ടിലേക്കുള്ള ടാക്സി യാത്ര തുടങ്ങിയ രണ്ടു മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന യാത്രക്കിടെ മുംബൈ എയര്‍പോര്‍ട്ടിലെ കസ്റംസ്, വഴിയില്‍ തടഞ്ഞു നിര്‍ത്തി ടാക്സ് ഓഫീസര്‍മാരുടെയും കൊള്ളക്കാരുടെയും പിടിച്ചുപറി, ഹോട്ടലുകാരുടെയും ബസുകാരുടെയും അമിത ചാര്‍ജ് തുടങ്ങിയ നിരവധി വെല്ലുവിളികളെ അതിജീവിച്ചു വീട്ടിലെത്തിയിരുന്ന പ്രവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഗള്‍ഫില്‍നിന്നും നേരിട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര. ആ എയര്‍പ്പോര്‍ട്ടിനെ തുടക്കം മുതല്‍ അവഗണിച്ചും വിവിധ പ്രശ്നങ്ങള്‍ പറഞ്ഞ് പീഡിപ്പിച്ചും കാലങ്ങളായി യാത്രാദുരിതംകൊണ്ടു പൊറുതിമുട്ടുന്ന മലബാറിലെ പാവപ്പെട്ട പ്രവാസികളെ ഏതു വിധേയനയും പീഡിപ്പിക്കുകയെന്ന ഇന്ത്യയിലെ ചില തല്‍പ്പര ലോബികളുടെ ക്രൂര ലക്ഷ്യങ്ങളെ കേരള സര്‍ക്കാര്‍തന്നെ മുന്നില്‍ നിന്നു പ്രതിരോധിക്കണമെന്നും ജില്ലാ കെഎംസിസി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പ്രവാസികളോടു കാലങ്ങളായുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചു മാര്‍ച്ച് 10നു മലപ്പുറം ജില്ലാ കെഎംസിസി കേരള സെക്രട്ടറിയേറ്റിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ലോകസഭാ പ്രതിനിധികളെയും എയര്‍പോര്‍ട്ട് അധികാരികളെയും ഈ വിഷയത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തുമെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

സെക്രട്ടറിയേറ്റ് സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ച് അഞ്ചിന് (വ്യാഴം) ജിദ്ദയിലെ എല്ലാ രാഷ്ട്രീയ-സാംസ്കാരിക-മത സംഘടനകളേയും പങ്കെടുപ്പിച്ച് മലപ്പുറം ജില്ലാ കെഎംസിസി നടത്തുന്ന പ്രവാസി സെമിനാറില്‍ തുടര്‍ സമരങ്ങള്‍ക്കായി വിവിധ സംഘടനകളുടെ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കുമെന്നും മലപ്പുറം ജില്ലാ കെഎംസിസി നേതൃത്വത്തില്‍ നടക്കുന്ന ഈ ധര്‍മസമരത്തിനു മുഴുവന്‍ പ്രവാസികളുടേയും പ്രവാസി സംഘടനകളുടേയും പിന്തുണ ഉണ്ടാകണമെന്നും ജില്ലാ കെഎംസിസി നേതാക്കള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍