എബിസി കാര്‍ഗോ ട്രോഫി റിഫ സൂപ്പര്‍ ലീഗിന് കിക്കോഫ്
Thursday, February 26, 2015 10:16 AM IST
റിയാദ്: എബിസി കാര്‍ഗോ വിന്നേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (റിഫ) മൂന്നാമതു സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് വെള്ളിയാഴ്ച കൊടിയേറും.

എ,ബി എന്നീ രണ്ടു ഡിവിഷനുകളിലായി 18 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരം വെള്ളിയാഴ്ച രാവിലെ 7.30നു തുടങ്ങും. രാവിലെയും വൈകുന്നേരവുമായി രണ്ടു ഗ്രൌണ്ടുകളില്‍ മൊത്തം 9 മത്സരങ്ങളാണു വെള്ളിയാഴ്ച നടക്കുക. അസീസിയയിലെ പാണ്ട മാര്‍ക്കറ്റിനു സമീപമുള്ള ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിലാണു റിഫ ടൂര്‍ണമെന്റ് മുഴുവനായും നടക്കുകയെന്നു ടൂര്‍ണമെന്റ് കമ്മിറ്റി അറിയിച്ചു.

നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് എഫ്സി, ലാന്റേണ്‍ എഫ്സി, റോയല്‍ റിയാദ് സോക്കര്‍, റെയിന്‍ബോ, യുത്ത് ഇന്ത്യ ഇലവന്‍, യൂത്ത് ഇന്ത്യ സോക്കര്‍ എന്നീ ടീമുകളടങ്ങുന്നതാണ് എ ഡിവിഷന്‍. പിഎസ്വി, സുലൈ എഫ്സി, റിയല്‍ കേരള, ചാലഞ്ചേഴ്സ് എഫ്സി, സ്പോര്‍ട്ടിംഗ് കേരള, ഒബയാര്‍ ട്രാവല്‍സ്, സോക്കര്‍ സ്പോര്‍ട്ടിംഗ് ക്ളബ്, അസീസിയ സോക്കര്‍, ഹാഫ് ലൈറ്റ് എഫ്സി, മലബാര്‍ യുണൈറ്റഡ്, ഐഎഫ്എഫ് എഫ്സി, കേരള ഇലവന്‍ എന്നീ ടീമുകള്‍ ബി ഡിവിഷനില്‍ കളത്തിലിറങ്ങും.

ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിനു വിപുലമായ ഒരുക്കങ്ങളാണു ചെയ്തിട്ടുള്ളതെന്നു റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്രയും ജന. സെക്രട്ടറി മുജീബ് ഉപ്പടയും അറിയിച്ചു.

ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി ഹംസ തൃക്കടീരി ചെയര്‍മാനും റംഷി കോഴിക്കോട് ജന. കണ്‍വീനറുമായി 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. അസീസ് മാവൂര്‍, ദേവന്‍ പത്തിരിപ്പാല, മുസ്തഫ കവ്വായി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ഷക്കീല്‍ തിരൂര്‍ക്കാട്, റംഷാദ് തൃശൂര്‍, ഷബീര്‍ ഷൂട്ടേഴ്സ് എന്നിവര്‍ ജോ. കണ്‍വീനര്‍മാരുമാണ്. നബീല്‍ പാഴൂരാണ് ട്രഷറര്‍. നൌഷാദ് കോര്‍മത്ത്, നാസര്‍ കാരന്തൂര്‍, അബ്ദുള്ള വല്ലാഞ്ചിറ, ഷക്കീബ് എന്നിവര്‍ ടൂര്‍ണമെന്റ് കമ്മിറ്റി രക്ഷാധികാരികളാണ്.

ആദ്യ മത്സരത്തില്‍ എ ഡിവിഷനിലെ റോയല്‍ റിയാദ് സോക്കര്‍ റെയിന്‍ബോയെയും, ലാന്റേണ്‍ എഫ്സി യുത്ത് ഇന്ത്യ ഇലവനേയും യുണൈറ്റഡ് എഫ്സി യൂത്ത് ഇന്ത്യ സോക്കറിനെയും നേരിടും. ബി ഡിവിഷനിലെ ആദ്യ ദിന മത്സരങ്ങളില്‍ പി.എസ്.വി സുലൈ എഫ്സിയേയും ചാലഞ്ചേഴ്സ് എഫ്സി സ്പോര്‍ട്ടിംഗ് കേരളയെയും ഒബയാര്‍ ട്രാവല്‍സ് സോക്കര്‍ സ്പോര്‍ട്ടിംഗ് ക്ളബിനെയും ഹാഫ് ലൈറ്റ് എഫ്സി മലബാര്‍ യുണൈറ്റഡ് എഫ്സി യേയും കേരള ഇലവന്‍ ഐഎഫ്എഫ് എഫ്.സി യുമായും റിയല്‍ കേരള പിഎസ്വി യുമായും മത്സരിക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍