തമിഴ്നാട് സ്വദേശിയുടെ മൃതദേഹം രണ്ടര മാസത്തിനുശേഷം നാട്ടിലെത്തിച്ചു സംസ്കരിച്ചു
Thursday, February 26, 2015 7:21 AM IST
ജിദ്ദ: ത്വായിഫില്‍ ആട്ടിടയനായി ജോലി ചെയ്തുവന്ന തമിഴ്നാട് പുതുവെള്ളൂര്‍ സ്വദേശി ഗുണശേഖരന്റെ(42) മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. കഴിഞ്ഞ രണ്ടര മാസമായി കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് നാട്ടിലയച്ചത്.

പത്തു മാസം മുമ്പ് സുഹൃത്ത് നല്‍കിയ ഹൌസ് ഡ്രൈവര്‍ വീസയില്‍ സൌദിയിലെത്തിയ ഇദ്ദേഹത്തെ സ്പോണ്‍സര്‍ ആട് മേയ്ക്കുന്ന ജോലിക്കായിരുന്നു നിയോഗിച്ചത്. ത്വായിഫിലെ മരുഭൂമിയില്‍ ജോലിയെടുത്ത് വരവെ കഠിനമായ തണുപ്പു താങ്ങാനാവാതെ രോഗബാധിതനാവുകയായിരുന്നു. ചികിത്സ ലഭിക്കാന്‍ വൈകിയതിനാല്‍ രോഗം മൂര്‍ച്ഛിക്കുകയും ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ മരണമടയുകയുമായിരുന്നു. സ്പോണ്‍സറുടെ നിസഹകരണം മൂലം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാതെ വന്നതിനാല്‍ ദുബായിലുള്ള ഭാര്യാസഹോദരന്‍ ദുബായ് എഫ്എം റേഡിയോ വഴി പ്രവാസി ജിദ്ദാ ഭാരവാഹികളുമായി ബന്ധപ്പെടുകയായിരുന്നു. പ്രവാസി ജനസേവന വിഭാഗം കോണ്‍സുലേറ്റ് അധികൃതരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ട്ു വരികയും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും വിമാന യാത്രാ ചെലവും മൃതദേഹം എംബാം ചെയ്യാനുള്ള ചെലവും കോണ്‍സുലേറ്റ് വെല്‍ഫയര്‍ ഫണ്ടില്‍നിന്നും ലഭ്യമാക്കുകയും ചെയ്തു. പരേത}ു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് സി.എച്ച്. ബഷീര്‍, റഹീം ഒതുക്കുങ്ങല്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ നജീബ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍