നവോദയ കുടുംബവേദി ഒരുക്കുന്ന പാചകമത്സരം ഫെബ്രുവരി 27ന്
Thursday, February 26, 2015 7:20 AM IST
ജിദ്ദ: കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ ജിദ്ദയിലും സമീപ പ്രദേശങ്ങളിലും കല,കായിക, ജീവകാരുണ്യ രംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്ന ജിദ്ദ നവോദയ 'രുചിഭേദം 2015 ' പാചകമത്സരം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 27ന് (വെള്ളി) രാത്രി എട്ടു മുതല്‍ ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ ഭക്ഷ്യ പ്രദര്‍ശനം ആരംഭിക്കും. ഭക്ഷ്യമേള ലത്തീഫ മുബാറക് ഉദ്ഘാടനം ചെയ്യും. കേരളീയ വിഭവങ്ങള്‍ അടങ്ങുന്ന 17 സ്റാളുകള്‍ക്ക് പുറമേ നാടന്‍ ഭക്ഷണം, അറബിക് ഫ്ളേവര്‍, ബാലവേദി കുട്ടികളുടെ ഫണ്‍ സ്റാളുകള്‍ എന്നിവയും മേളയുടെ പ്രത്യേകതയായിരിക്കും.

കേരളത്തിന്റെ തനതായ വിഭവങ്ങള്‍ നവോദയ കുടുംബവേദി പ്രവര്‍ത്തകര്‍ നാവിലൂറുന്ന രുചിയോടും കണ്ണിനു കുളിര്‍മയേറുന്ന അലങ്കാരത്തോടും കൂടി വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അലങ്കരിച്ച സ്റാളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.

ഇന്ത്യന്‍ രുചികൂട്ടുകള്‍ നേരിട്ട് ആസ്വദിക്കാന്‍ ഈ ഭക്ഷ്യമേള വിജയിപ്പിക്കാന്‍ നവോദയ ഭാരവാഹികളായ സി.എം. അബ്ദുറഹ്മാന്‍, വനിതാവേദി കണ്‍വീനര്‍ ജുമൈല അബു, ഗീത മണികണ്ഠന്‍, രക്ഷാധികാരി വി.കെ. റൌഫ്, ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം, പ്രസിഡന്റ് ഷിബു തിരുവനന്തപുരം, ഭക്ഷ്യമേള കണ്‍വീനര്‍ സിയാദ് ഹബീബ്, രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുറഹ്മാന്‍ വണ്ടൂര്‍, സലാഹുദ്ദിന്‍ കൊഞ്ചിറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍