ഫോമാ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ഡോ:ജേക്കബ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു
Wednesday, February 25, 2015 5:57 AM IST
ന്യൂയോര്‍ക്ക്: 2015 ഓഗസ്റ് ഒന്നാം തീയതി തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ വച്ച് നടക്കുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരികാസിന്റെ കേരള കണ്‍വെന്‍ഷന്റെ ചെയര്‍മാനായി ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ആര്‍വിപിയായ ഡോ. ജേക്കബ് തോമസിനെ തിരഞ്ഞെടുത്തു.

1984ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം, യൂഎസ് നാവിക സേനയില്‍ സേവനം അനുഷ്ഠിക്കുകയും, സ്റാംഫോര്‍ഡ് യൂണിവേഴ്സിടിയില്‍ നിന്നും ബിരുദവും, കെന്നഡി വെസ്റ്റേര്‍ണ്‍ യൂണിവേഴ്സിടിയില്‍ നിന്നും ബിരുദാനന്ദര ബിരുദവും, ഡോക്റ്റ്രേറ്റും കരസ്ഥമാക്കി.

1994ല്‍ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിലൂടെയാണു അദ്ദേഹം അമേരിക്കയില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായത്. പിന്നീടു 2004ല്‍ സംഘടയുടെ ട്രഷററായും, 2006ല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

2007ല്‍ മലയാളി സമാജം ഓഫ് ന്യൂയോര്‍ക്ക് എന്ന സംഘടന സ്ഥാപിക്കാന്‍ വലിയൊരു പങ്ക് അദ്ദേഹം വഹിക്കുകയും, പിന്നീട് സംഘടനയുടെ പ്രസിഡന്റും ചെയര്‍ പേഴ് സണ്‍ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു.

2000ല്‍ കേരള റോമന്‍ കാത്തലിക് അസോസിയേഷന്‍ സുവനീര്‍ എഡിറ്റര്‍ ആയും, 2007ല്‍ നാലാമതും, 2010ല്‍ അഞ്ചാമതും അന്തര്‍ദേശീയ കേരള റോമന്‍ കാത്തലിക് കണ്‍വെന്‍ഷനും വിജയകരമായി നടത്തിയ അദ്ദേഹത്തെ, ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി 'സമുദായ ബന്ധു' അവാര്‍ഡ് നല്കിയാദരിച്ചു. ആര്‍ച് ബിഷപ്പ് ഫ്രാസിസ് കല്ലറക്കലായിരുന്നു അദ്ദേഹത്തിനു അവാര്‍ഡ് നല്കിയത്.

ഇത്രേയും പ്രവര്‍ത്തി പരിചയമുള്ള അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ ഫോമാ കേരള കണ്‍വെന്‍ഷന്‍ വന്‍ വിജയമായിരിക്കുമെന്ന് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും, സെക്രട്ടറി ഷാജി എഡ്വേര്‍ഡും, ട്രഷറര്‍ ജോയി ആന്തണിയും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്