റിയാദില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു
Tuesday, February 24, 2015 10:15 AM IST
റിയാദ്: റിയാദില്‍ നിന്നും 130 കിലോമീറ്റര്‍ അകലെ മക്ക ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. ഹൈവേയിലെ ജില്ലാ എന്ന സ്ഥലത്ത് നടന്ന അപകടത്തില്‍ കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി അബ്ദുള്‍ സലീമാണ് (36) മരിച്ചത്. വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ്, കടകളില്‍ വിതരണം ചെയ്യുന്ന ജോലിയായിരുന്നു സലീമിന്.

റിയാദില്‍നിന്നു സാധനങ്ങളുമായി ദവാദ്മിയിലേക്കു വരുന്ന വഴിയില്‍ സലീം ഓടിച്ചിരുന്ന വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പാലത്തിന്റെ അരികില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലുണ്ടായിരുന്ന ബാറ്ററിക്കു തീ പിടിക്കുകയും വാഹനം പൂര്‍ണമായും കത്തി നശിക്കുകയുമായിരുന്നു. തീ പിടിച്ച വാഹനത്തില്‍നിന്നു പരിക്കുകളോടെ പുറത്തു കടന്ന സലീമിനെ സ്വദേശികള്‍ തൊട്ടടുത്ത അല്‍ ക്വഅയ്യ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ സലീം മരണത്തിനു കീഴടങ്ങിയിരുന്നു. മൃതദേഹം അല്‍ ക്വഅയ്യ ആശുപത്രി മോര്‍ച്ചറിയില്‍.

പതിനൊന്നു വര്‍ഷമായി സൌദിയിലുള്ള അബ്ദുള്‍ സലീം കേളി സാംസ്കാരിക വേദി ദവാദ്മി ടൌണ്‍ കമ്മിറ്റി അംഗമാണ്. മരണാനന്തര നടപടികള്‍ക്ക് ബന്ധുക്കളോടൊപ്പം കേളി സാംസ്കാരിക വേദി പ്രവര്‍ത്തകരുമുണ്ട്.

ഭാര്യ: ആമിന. മിദ്ലാജ് (5), ത്വയ്ബ (രണ്ടര) എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍