റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിംഗ് രൂപവത്കരിച്ചു
Monday, February 23, 2015 8:10 AM IST
റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദഅവ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്കു വ്യാപിക്കുന്നതിനും ജനകീയമാക്കുന്നതിനുമായി യൂത്ത് വിംഗ് രൂപവത്കരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഷാക്കിര്‍ ഹുസൈന്‍ (ചെയര്‍മാന്‍), ഷബാബ് (ജനറല്‍ കണ്‍വീനര്‍), നിസാമുദ്ദീന്‍ (ഐടി) എന്നിവരാണ് ഭാരവാഹികള്‍.

അന്ധവിശ്വാസങ്ങള്‍ക്കു പ്രമാണങ്ങളുടെ പിന്‍ബലമുണ്ടാക്കുകയും പ്രബുദ്ധരായ ജനതയിലേക്ക് അവ ഇറക്കുമതിചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നതു മലയാളികള്‍ തിരിച്ചറിയണമെന്നു യൂത്ത് വിംഗ് ആവശ്യപ്പെട്ടു. പ്രബുദ്ധരായ സമൂഹത്തിലേക്കു മന്ത്രവാദവും അടിച്ചിറക്കല്‍ ചികിത്സാരീതികളും കൊണ്ടുവരാനുള്ള ശ്രമം ഉപേക്ഷിച്ച് മാതൃസംഘടനയായ കെഎന്‍എമ്മിലേക്കു തിരിച്ചുവരുവാന്‍ എല്ലാവരും സന്മനസു കാണിക്കണമെന്നും യൂത്ത് വിംഗ് അഭിപ്രായപ്പെട്ടു.

സെന്ററിനു കീഴില്‍ മതപരമായ വിജ്ഞാനം ശരിയായ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ മനസിലാക്കാനുള്ള വൈവിധ്യമായ പരിപാടികള്‍ റിയാദിന്റെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്നുണ്െടന്നും അതില്‍ പങ്കെടുക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി ഇരുപതിന് നസീം, റൌള ഏരിയായില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്മാര്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.

27ന് വൈകുന്നേരം ആറര മുതല്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നടക്കുന്ന പഠന ക്യാമ്പില്‍ നമസ്കാരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കാനും സംശയങ്ങള്‍ തീര്‍ക്കാനുമുള്ള അവസരങ്ങള്‍ ഉണ്ടായിരിക്കും. നമസ്കാരത്തിലെ പ്രാര്‍ഥനകള്‍ പഠിപ്പിക്കുന്നതിനും മനഃപ്പാഠമാക്കുന്നതിനുമുള്ള പ്രത്യേക വര്‍ക്ഷോപ്പ് ക്യാമ്പിന്റെ പ്രത്യേകതയായിരിക്കും. ആധുനിക ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ നമസ്കാരത്തിന്റെ പ്രായോഗികരീതിയും കര്‍മശാസ്ത്ര വിവരണവും ക്യാമ്പില്‍ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യേണ്ടതാണെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ജലാലും ജനറല്‍ കണ്‍വീനര്‍ ഹുസന്‍ എംഡിയും അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ഫസുലുല്‍ ഹഖ് ബുഖാരി 0531962109, നജീബ് സ്വലാഹി 0500417704.

യോഗത്തില്‍ സെന്റര്‍ പ്രസിഡന്റ് കെ.ഐ. ജലാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി സ്വാഗതവും സംഘടനാ സെക്രട്ടറി എംഡി ഹുസന്‍ നന്ദിയും പറഞ്ഞു. സെന്റര്‍ ഉപദേശക സമിതിയംഗം അബ്ദുസലാം അരീക്കോട്, ട്രഷറര്‍ അബൂബക്കര്‍ എടത്തനാട്ടുകര, സെക്രട്ടറിമാരായ അഡ്വ. അബ്ദുള്‍ ജലീല്‍ കോഴിക്കാട്, മന്‍സൂര്‍ സിയാംകണ്ടം, സാദിഖ് കോഴിക്കോട്, അബ്ദുസലാം ബുസ്താനി, കലാ സാംസ്കാരിക വകുപ്പ് കണ്‍വീനര്‍ ഫസ്ലു റഹ്മാന്‍ അറക്കല്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍