കെട്ടിടത്തിനു തീപിടിച്ചു കുവൈറ്റില്‍ രണ്ടു മലയാളികള്‍ മരിച്ചു
Monday, February 23, 2015 6:22 AM IST
കുവൈറ്റ് സിറ്റി: മഹ്ബൂലയില്‍ കെട്ടിടത്തിനു തീപിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി സുരേഷ് ബാബു(37), കൊല്ലം അയത്തില്‍ ശ്രീകുമാര്‍ കണ്ണന്‍(38) എന്നിവരാണു മരിച്ചത്. അല്‍ മുല്ല ജിഎഫ് 4 സെക്യൂരിറ്റി കമ്പനി ജീവനക്കാരാണ്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണു തീപിടിത്തമുണ്ടായത്. മഹബൂലയില്‍ ബഹുനില കെട്ടിടത്തിലെ ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ തണുപ്പകറ്റുന്നതിനായി ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തകാരണം എന്നാണു സൂചന. മഹബൂലയിലെ ഫ്രൂട്ട് മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്.

അതിനിടെ, ജനവാസമേഖലകളില്‍ തീപിടുത്തം മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതായി കുവൈറ്റ് അഗ്നിശമനസേന ഡയറക്ടറേറ്റ് വ്യക്തമാക്കി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിന്റെ പ്രധാന കാരണം. ഇത്തരം അപകടങ്ങള്‍ക്കു നാലു ശതമാനം വര്‍ധന ഉണ്ടായതായും ഫര്‍വാനിയ മേഖലകളിലാണ് ഇത്തരം അപകടങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുക്കുന്നതെന്നും ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം തീപിടിത്തം മൂലം 10,600 ദശലക്ഷം ദിനാറിന്റെ നഷ്ട്ടമുണ്ടായതായാണു കണക്ക്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കുവനായി ഭവനങ്ങളില്‍ അംഗവൈകല്യം ഉള്ളവരുണ്െടങ്കില്‍ ആ വിവരം അഗ്നിശമന വിഭാഗത്തില്‍ രജിസ്റര്‍ ചെയ്യണം. തന്മൂലം അഗ്നിബാധയുണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കാര്യക്ഷമമാക്കാന്‍ കഴിയും. നാലുമാസം മുന്‍പ് തന്നെ ഈ പ്രവര്‍ത്തനം ആരംഭിച്ചതായി അഗ്നിശമനസേനാ ഡയറക്ടറേറ്റ് പിആര്‍ വിഭാഗം മേധാവി കേണല്‍ ഖലീല്‍ അല്‍ അമീര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ കഴിഞ്ഞവര്‍ഷം അഗ്നിശമന സേനാംഗങ്ങള്‍ക്കാര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും പരുക്കേല്‍ക്കുന്ന സേനാംഗങ്ങളുടെ എണ്ണവും 26ശതമാനമായി കുറഞ്ഞതായും അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍