എസ്എംസിസി റോക്ലാന്റ് ചാപ്റ്റര്‍ ടാക്സ് സെമിനാര്‍ നടത്തി
Saturday, February 21, 2015 10:24 AM IST
ന്യൂയോര്‍ക്ക്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് റോക്ലാന്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ടാക്സ് അവയര്‍നസ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ പ്ളാനിംഗ് സെമിനാര്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ സംഘടിപ്പിച്ചു.

എസ്എംസിസി റോക്ക്ലാന്റ് ചാപ്റ്റര്‍ പ്രസിഡന്റ് ലിജോ ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സെമിനാര്‍ വികാരി റവ. ഫാ. തദേവൂസ് അരവിന്ദത്ത് ഉദ്ഘാടനം ചെയ്തു. എസ്എംസിസിയുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ സംരംഭത്തിന് എല്ലാ ആശംസകളും ഒപ്പം തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും ഫാ. തദേവൂസ് ഉദ്ഘാടന സന്ദേശത്തില്‍ നേര്‍ന്നു.

മോഡറേറ്റായിരുന്ന ഡൊമിനിക് വയലുങ്കല്‍ സെമിനാറിന്റെ ആവശ്യകതയെക്കുറിച്ചും യുഎസിലെ ടാക്സ് റിട്ടേണ്‍സിന്റെ ചരിത്രവും വിവരിച്ചു.

ടാക്സ് റിട്ടേണ്‍സിന്റെ വിവിധ ഘടകങ്ങളെപ്പറ്റി ലോംഗ്ഐലന്റില്‍ നിന്നുള്ള ബാബു മുകളില്‍ സിപിഎ, റോക്ലാന്റിലെ ജെയിന്‍ ജേക്കബ് സിപിഎ എന്നിവര്‍ പ്രസംഗിച്ചു. സാമ്പത്തിക ഇടപാടുകളും അവ ടാക്സിനെ ഏതു രീതിയില്‍ ബാധിക്കുമെന്നതിനെയും സംബന്ധിച്ചുള്ള ക്ളാസുകള്‍ ഏറെ വിജ്ഞാനപ്രദമായി. ഈ ടാക്സ് സീസണില്‍ അവ ഏറെ പ്രയോജനപ്പെടുന്നതുമായി.

ടാക്സ് റിട്ടേണിനെപ്പറ്റിയുള്ള ക്ളാസ് പൊതുജനങ്ങളുടെ അറിവ് പുതുക്കുന്നതിന് ഉതകുന്നതായിരുന്നു. മെറ്റ്ലൈഫിന്റെ ഫിനാന്‍ഷ്യല്‍ പ്ളാനറും അഡ്വൈസറുമായ ജോര്‍ജ് ജോസഫ് സിഎച്ച്എഫ്സി, വിവിധ ഇന്‍വെസ്റ്മെന്റ് പ്ളാന്‍സ്, മണി സേവിംഗ് പ്രോഗ്രാംസ് എന്നിവയെപ്പറ്റിയും ഇവ എങ്ങനെ ഫലപ്രദമായ രീതിയില്‍ ഉപപയോഗിക്കാം എന്നതിനെപ്പറ്റിയും ക്ളാസുകള്‍ നടത്തി.

തുടര്‍ന്ന് വില്‍, ട്രസ്റ്, എസ്റ്റേറ്റ് പ്ളാനിംഗ് എന്ന വിഷയത്തില്‍ റോക്ക്ലാന്റ് കൌണ്ടിയില്‍ അറ്റോര്‍ണിയായി സേവനം അനുഷ്ഠിക്കുന്ന ഫിലിപ്പ് ലുറേറിയ ക്ളാസെടുത്തു. വില്‍, ട്രസ്റ്, എന്നിവ എങ്ങനെ തയാറാക്കാം എന്നതിനെപ്പറ്റിയും അവയുടെ പ്രധാന്യം, സാധാരണ രീതിയില്‍ ഈ മേഖലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെപ്പറ്റിയും നടത്തിയ ക്ളാസിന് പങ്കെടുത്തവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

തുടര്‍ന്ന് ക്ളാസുകള്‍ എടുത്ത എല്ലാവരും പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്‍കി.

എണ്‍പതിലധികം പേര്‍ പങ്കെടുത്ത വിജയപ്രദമാക്കിത്തീര്‍ത്ത സെമിനാര്‍ എസ്എംസിസി റോക്ക്ലാന്റ് ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി ചെറിയാന്‍ മാത്യുവിന്റെ നന്ദി പ്രസംഗത്തോടെ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം