ഐടിഎല്‍ വേള്‍ഡില്‍ ഇറ്റലി വീസ സെക്ഷന്‍ ആരംഭിച്ചു
Saturday, February 21, 2015 10:18 AM IST
റിയാദ്: പ്രമുഖ ട്രാവല്‍ മാനേജ്മെന്റ് കമ്പനിയായ ഐടിഎല്‍ വേള്‍ഡിന്റെ റിയാദ് ഓഫീസില്‍ ഇറ്റലി വീസ അപേക്ഷാ കേന്ദ്രം ആരംഭിച്ചു. ഐടിഎല്‍ വേള്‍ഡിന്റെ റിയാദിലെ ഡിപ്ളോമാറ്റിക് ക്വാര്‍ട്ടേഴ്സിനകത്തുള്ള ഓഫീസില്‍ ഇറ്റലി വീസ അപേക്ഷക്കുള്ള പ്രത്യേക വിഭാഗം പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരോടൊപ്പം എംബസി ഉദ്യോഗസ്ഥരും ഐടിഎല്‍ റീജണല്‍ മാനേജര്‍ മുഹമ്മദ് ഷാഫി, ഷക്കീബ് കൊളക്കാടന്‍, ഷെയ്ഖ് ഫസിയുള്ള തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഇറ്റലി എംബസി മുഖേനയുള്ള ഷെന്‍ഗണ്‍ വീസയടക്കമുള്ളവ ചെയ്യുന്നതിനുള്ള അംഗീകൃത ഏജന്‍സിയായി ഐടിഎല്‍ വേള്‍ഡിനെ ജനുവരിയിലാണ് ഇറ്റാലിയന്‍ എംബസി അംഗീകരിച്ചത്. ഇറ്റലി അടക്കം യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ 25 രാജ്യങ്ങളിലേക്ക് ഷെന്‍ഗണ്‍ വീസ എന്ന പേരില്‍ ഏകീകൃത വീസ സമ്പ്രദായമാണുള്ളത്. ടൂറിസ്റ്, മെഡിക്കല്‍, ബിസിനസ് അടക്കമുള്ള വീസകള്‍ ഷെന്‍ഗണ്‍ വീസയായി അടിച്ചു കിട്ടുന്നുണ്ട്. യുഎസ്എ അടക്കമുള്ള നിരവധി രാജ്യങ്ങളിലേക്ക് ഔദ്യോഗികമായി വീസ അപേക്ഷകള്‍ നല്‍കാന്‍ അംഗീകാരമുള്ള മധ്യേഷ്യയിലെ പ്രമുഖ ട്രാവല്‍ കമ്പനിയാണ് ഐടിഎല്‍ വേള്‍ഡ്. സൌദി അറേബ്യയില്‍ എട്ടു ശാഖകളുള്ള ഐടിഎല്‍ വേള്‍ഡിന്റെ റിയാദ്, അല്‍കോബാര്‍ ബ്രാഞ്ചുകള്‍ക്കാണ് ഇറ്റലി വീസ ചെയ്യാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രമുഖ ബിസിനസ് സംരഭകരായ ഇറാം ഗ്രൂപ്പിന് കീഴിലാണ് ഐടിഎല്‍ വേള്‍ഡ് പ്രവര്‍ത്തിക്കുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍