ചില്ല സര്‍ഗവേദിയുടെ 'എന്റെ വായന'
Saturday, February 21, 2015 10:17 AM IST
റിയാദ്: വായനക്കാരെ ഉത്തരവാദിത്തവായനയുടെ പക്ഷത്തേക്ക് കൊണ്ടുവരണമെന്ന് പ്രശസ്ത കവി പി.പി. രാമചന്ദ്രന്‍ പറഞ്ഞു. വായന ഉത്തരവാദിത്വമുള്ളതാണെന്നും വായിച്ചു തള്ളൂകയല്ല, കൊള്ളുകയാണ് വേണ്ടതെന്നും ചില്ല സര്‍ഗവേദിയുടെ പ്രതിമാസ പരിപാടിയായ 'എന്റെ വായന'യെ അഭിസംബോധന ചെയ്ത് ദമാമില്‍ നിന്ന് ഫോണ്‍-ഇന്‍ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

കാലത്തിനനുസരിച്ച് വായനയുടെയും എഴുത്തിന്റെയും സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. മറ്റനേകം മാധ്യമങ്ങളില്‍ ഒരു മാധ്യമം മാത്രമാണിന്ന് വായന. സാമ്പ്രദായിക വായന കൂടുതല്‍ ഏകാഗ്രത ആവശ്യപ്പെടുന്നു. അതുകൊണ്ടുതന്നെ സാമ്പ്രദായിക വായനക്ക് ഇക്കാലത്ത് ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട്. യോഗ പോലെ പരിശീലിപ്പിച്ചെടുക്കേണ്ട ഒന്നായി വായനയും മാറിയിരിക്കുന്നു. 'ചില്ല' പോലുള്ള കൂട്ടായ്മകള്‍ വായന പ്രോല്‍സാഹിപ്പിക്കുകയും അതിന് കളമൊരുക്കുകയും ചെയ്യുന്നുണ്െടന്ന് അദ്ദേഹം പറഞ്ഞു.

എന്‍.എന്‍ കക്കാടിന്റെ കവിതാസമാഹാരം അവതരിപ്പിച്ചുകൊണ്ട് എം. ഫൈസല്‍ പരിപാടിക്ക് തുടക്കം കുറിച്ചു. ജയചന്ദ്രന്‍ നെരുവമ്പ്രം -ആടിന്റെ വിരുന്ന് (മരിയോ വര്‍ഗാസ് യോസ), നജിം കൊച്ചുകലുങ്ക് -തോട്ടിയുടെ മകന്‍ (തകഴി), അബൂബക്കര്‍ - സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി (ടി.ഡി. രാമകൃഷ്ണന്‍), ആര്‍ മുരളീധരന്‍ - സുന്ദരികളും സുന്ദരന്‍മാരും (ഉറൂബ്), ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ -ബിരിയാണി/ഒരു സസ്യേതര രാഷ്ട്രീയകവിത (പി.എന്‍ ഗോപീകൃഷ്ണന്‍), ഷംല ചീനിക്കല്‍ - മുല്ലപ്പൂനിറമുള്ള പകലുകള്‍ (ബെന്യാമിന്‍), കെ.യു ഇഖ്ബാല്‍ - കുഞ്ഞബ്ദുള്ളയുടെ കഥാസന്ദര്‍ഭങ്ങള്‍, ടി.ആര്‍ സുബ്രമണ്യന്‍ - കടമ്മനിട്ട കവിതകള്‍, അന്‍വര്‍ പൈക്കാടന്‍ - ജൈവരാഷ്ട്രീയവും ജനസഞ്ചയവും (ബി. രാജീവന്‍), രാജു നീലകണ്ഠന്‍ - പൂവന്‍പഴം (വൈക്കം മുഹമ്മദ് ബഷീര്‍), അനിത നസീം - അന്ധകാരനഴി (ഇ. സന്തോഷ്കുമാര്‍) - റസൂല്‍ സലാം എന്റെ സ്ത്രീകള്‍, സ്തീപക്ഷകഥകള്‍ (ഇ. ഹരികുമാര്‍), സതീഷ്ബാബു - ആടുജീവിതം (ബെന്യാമിന്‍), സെബിന്‍ ഇഖ്ബാല്‍ - യക്ഷി (മലയാറ്റൂര്‍), ഷക്കീല വഹാബ് - തോരാമഴ (റഫീഖ് അഹമ്മദ്), സണ്ണി ചാക്കോ - അടയാളങ്ങള്‍ (സേതു), നൌഷാദ് കോര്‍മത്ത് - ദി ട്രൈന്‍ (മഹ്മൂദ് സൈദ്) എന്നിവര്‍ പുസ്തകങ്ങള്‍ അവതരിപ്പിച്ചു. ഫാത്തിമ ഇമ്പിച്ചിബാവ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍