കെകെഎംഎ ഈ വര്‍ഷം 2015 സൌജന്യ ഡയാലിസിസ് നല്‍കും
Saturday, February 21, 2015 10:17 AM IST
കുവൈറ്റ്: സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കിഡ്നി രോഗികള്‍ക്ക് 2015 വര്‍ഷത്തില്‍ കെകെഎംഎ 2015 സൌജന്യ ഡയാലിസിസുകള്‍ നല്‍കും. കേരളത്തിലേയും കര്‍ണാടകത്തിലേയും 12 കെകെഎംഎ ഡയാലിസിസ് സെന്ററുകളിലൂടെയാണ് പാവപ്പെട്ടവര്‍ക്ക് സൌജന്യമായി ഡയാലിസിസ് നടത്തികൊടുക്കുക. കിഡ്നി രോഗികളെ സഹായിക്കുന്നതിനായി 2006 ലാണ് കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ കെകെഎംഎ ആദ്യത്തെ സൌജന്യ ഡയാലിസിസ് സെന്റര്‍ തുടങ്ങിയത്. തുടര്‍ന്ന് കേരളത്തിലും കര്‍ണാടകത്തിലുമായി ആരംഭിച്ച കിഡ്നി ഡയാലിസിസ് സെന്ററുകള്‍ ഡയാലിസിസിന്റെ ചെലവ് മൂന്നിലൊന്നായി കുറയാന്‍ കാരണമായി.

അബാസിയ കെകെഎംഎ. ഹാളില്‍ നടന്ന പ്ളാനിംഗ് സെമിനാറിലാണ് ചെയര്‍മാന്‍ പി.കെ. അക്ബര്‍ സിദ്ദീഖ്, പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സഗീര്‍ ത്യക്കരിപ്പൂര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ഫത്താഹ് തൈയില്‍ ഉദ്ബോധന പ്രസംഗം നടത്തി. 2015-16 വര്‍ഷത്തില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളെകുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നു. വൈസ് ചെയര്‍മാന്‍ എന്‍.എ. മുനീര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അബ്ദുള്‍സലാം, ഹംസ പയ്യന്നൂര്‍, ബി.എം. ഇഖ്ബാല്‍, കെ.സി. റഫീഖ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ. ബഷീര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി അലിക്കുട്ടി ഹാജി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ഒ.പി ഷറഫുദ്ദീന്‍ പ്രാര്‍ഥന നടത്തി. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ തയാറാക്കിയ പദ്ധതി രൂപരേഖ കെ.സി. അബ്ദുള്‍ ഗഫൂര്‍, സി. ഫിറോസ്, എ.വി മുസ്തഫ, ഷാഹിദ് സിദ്ദീഖ്, എച്ച്. അബ്ദുള്‍ ഗഫൂര്‍, സംസം റഷീദ്, എന്‍ജിനിയര്‍ നവാസ്, ഒ.പി. ഷറഫുദ്ദീന്‍, കെ.സി. കരീം എന്നിവര്‍ അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍