സിബിന്‍ തോമസിന്റെ കുടുംബത്തിന് ഐഎപിസിയുടെ ധനസഹായം
Friday, February 20, 2015 10:07 AM IST
ന്യൂയോര്‍ക്ക്: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ യുവപ്രതിഭ സിബിന്‍ തോമസിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന്റെ ഭാഗമായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ് (ഐഎപിസി) ഒരു ലക്ഷം രൂപ സിബിന്റെ കുടുംബത്തിനു നല്‍കി.

പത്തനംതിട്ടയിലെ റാന്നി സ്വദേശി സിബിന്‍ തോമസ് ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ വെബ്സൈറ്റ് നിര്‍മാണത്തില്‍ പങ്കാളിയായിരുന്നു.

അബുദാബിയില്‍ ജോലി കിട്ടിയതറിഞ്ഞ് അവിടേക്കു പോയ സിബിനെ 2014 ഡിസംബര്‍ അഞ്ചിനു കെട്ടിടത്തിന്റെ മുകളില്‍നിന്നു താഴെ വീണു മരിച്ച നിലയിലാണ് കണ്െടത്തിയത്. മരണകാരണം ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങിയ കുടുംബത്തിനു താങ്ങും തണലുമായിരുന്നു സിബിന്‍ എന്ന 23 കാരന്‍. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സിബിന്‍.

പ്രതിഭാശാലിയായ സിബിന്‍ നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ചില ഓണ്‍ലൈന്‍ പത്രങ്ങളില്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. വിദ്യാഭാസകാലത്ത് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

സിബിന്‍ തോമസിന്റെ മരണം ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ് അംഗങ്ങളെ ഞെട്ടിച്ചതായി ഐഎപിസി പ്രസിഡന്റ് അജയ്ഘോഷ് പറഞ്ഞു. സിബിന്റെ മരണത്തില്‍ ആകെ തകര്‍ന്നുപോയ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ പ്രസ് ക്ളബ് അംഗങ്ങള്‍ മുന്നോട്ടുവരികയായിരുന്നുവെന്ന് ഐഎപിസി ജനറല്‍ സെക്രട്ടറി വിനീത നായര്‍ പറഞ്ഞു. സിബിന്‍ തോമസിന്റെ കുടുംബത്തെ സഹായിച്ച എല്ലാ അംഗങ്ങള്‍ക്കും ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ നന്ദി പറഞ്ഞു.