എം.എ. ഉസ്താദ് കര്‍മയോഗിയായ മഹാ പണ്ഡിതന്‍
Wednesday, February 18, 2015 8:22 AM IST
കുവൈറ്റ്: സമസ്ത പ്രസിഡന്റ് എം.എ. അബ്ദുള്‍ ഖാദിര്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ റിസാല സ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) കുവൈറ്റ് നാഷണല്‍ സെക്രട്ടറിയേറ്റ് അനുശോചിച്ചു.

അക്ഷരങ്ങളുടെ ലോകത്ത് കുലപതിയും നിറഞ്ഞ പാണ്ഡിത്വത്തിനുടമയുമായിരുന്നു എം.എ. ഉസ്താദ്. മുസ്ലിം ജാഗരണ സംരംഭങ്ങളിലെല്ലാം ഒരു നിയോഗം പോലെ മുന്നില്‍ നില്‍ക്കുകയും തന്റെ പേനയും ചിന്തയും ക്രിയാത്മകമായി ചലിപ്പിച്ചു വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ കൂടിയായിരുന്നു നൂറുല്‍ ഉലമ എന്ന പേരില്‍ അറിയപ്പെട്ട ഉസ്താദ്.

മുഖ്യധാരയില്‍ മുസ്ലിങ്ങള്‍ക്ക്, പ്രത്യേകിച്ച്, സുന്നികള്‍ക്കു വഴങ്ങാത്തതെന്നു വിധിയെഴുതിരുന്ന പല വിഷയങ്ങളിലും ബൌദ്ധികമായി ഇടപെടാനും നിലപാടറിയിക്കാനും എം.എ. ഉസ്താദ് എന്നും മുന്‍പന്തിയിലായിരുന്നു. 1946ല്‍ സമസ്തയുടെ അംഗത്വമെടുത്ത അദ്ദേഹം 1930 മുതലുള്ള മുസ്ലിം കേരള പരിസരവും നവോഥാനശ്രമങ്ങളും മുന്നില്‍ കാണുന്നതുപോലെ വിവരിച്ചു തരാന്‍ കെല്‍പ്പുണ്ടായിരുന്നു. ആരെയും വിസ്മയിപ്പിക്കുന്ന ഓര്‍മശക്തിയും ദൈനംദിന കാര്യങ്ങളിലെ കാര്‍ക്കശ്യവും ആരാധനകളിലെയും ഗ്രന്ഥരചനകളിലെയും സൂക്ഷ്മതയും എം.എ. ഉസ്താദിനു മാത്രം സ്വന്തം. മത വിദ്യാഭ്യാസ പ്രസരണ രംഗത്ത് വിസ്ഫോടനാത്മക ചലനം സൃഷ്ടിച്ച മദ്രസാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയും കാസര്‍ഗോഡ് സഅദിയയുടെ അമരക്കാരനും കൂടിയായിരുന്നു മഹാനവര്‍കള്‍.

2014 ഫെബ്രുവരി ഒമ്പതിനാണു താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പിന്‍ഗാമിയായി സമസ്തയുടെ അമരത്ത് വന്നതെങ്കിലും കൃത്യം ഒരു വര്‍ഷം തികയുമ്പോള്‍ നാഥന്റെ വിധിക്കു മുന്നില്‍ കീഴടങ്ങിയതു സമൂഹത്തിനു നികത്താനാകാത്ത നഷ്ടമാണ്. പ്രായത്തെ വകവയ്ക്കാത്ത ഊര്‍ജ്ജസ്വലതയും കാലിക വിഷയങ്ങളിലെ അവഗാഹവും പുതിയ കാലത്തെ പ്രബോധകര്‍ എം.എ. ഉസ്താദില്‍നിന്ന് പകര്‍ത്തേണ്ട ഗുണങ്ങളാണ്. മഹാനവര്‍കളുടെ മഗ്ഫിരത്തിനുവേണ്ടി പ്രാര്‍ഥിക്കാനും മയ്യിത്ത് നിസ്കരിക്കാനും നേതാക്കള്‍ ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍