വഴിക്കടവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സാന്ത്വന സംഗമം സംഘടിപ്പിക്കും
Wednesday, February 18, 2015 8:19 AM IST
ജിദ്ദ: വഴിക്കടവ് മേഖല പ്രവാസി കൂട്ടായ്മയും വഴിക്കടവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ളിനിക് ജിദ്ദാ ചാപ്റ്ററും സംയുക്തമായി ഫെബ്രുവരി 20നു(വെള്ളി) രാത്രി എട്ടിന് അല്‍ റയാന്‍ പോളിക്ളിനിക് ഓഡിറ്റോറിയത്തില്‍ സാന്ത്വന സംഗമം സംഘടിപ്പിക്കും.

പുതുതായി രൂപവത്കരിച്ച വഴിക്കടവ് പാലിയേറ്റീവ് ക്ളിനിക്കിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുകയാണു സംഗമംകൊണ്ടു പ്രധാനമായും ലക്ഷ്യമിടുന്നത്. വഴിക്കടവ് പ്രദേശത്തുനിന്നുമെത്തി ജിദ്ദയില്‍ ജോലി ചെയ്യുവരെ ഒരുമിച്ച് കൂട്ടുകയും നാടിന്റെ പ്രശ്നങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്തു വികസന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കലും ഉദ്ദേശ്യലക്ഷ്യമാണെന്നു ഭാരവാഹികള്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ 48 ഓളം പാലിയേറ്റീവ് ക്ളിനിക്കുകളില്‍ അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നതാണു വഴിക്കടവ് ക്ളിനിക്ക്. നിലമ്പൂര്‍ താലൂക്കിലെ കിഴക്കേ അറ്റത്ത് തമിഴ്നാടിന്റെ അതിര്‍ത്തിയോളം വരുന്ന അതിവിപുലമായതാണു ക്ളിനിക്കിന്റെ പ്രവര്‍ത്തന പരിധി. നാല്‍പ്പതിലേറെ മാറാരോഗികള്‍ ഉള്‍പ്പെടെ നൂറിലധികം കിടപ്പു രോഗികളുള്ള പ്രദേശത്തെ ക്ളിനിക്ക് വാടക കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്. രോഗികളെ പരിശോധിക്കുന്നതിനും മരുന്നു സൂക്ഷിക്കുന്നതിനും സൌകര്യപ്രദമായ ഒരു കെട്ടിടം സ്വന്തമായി നിര്‍മിക്കുകയെന്നത് പാലിയേറ്റീവ് ക്ളിനിക്കിന്റെ സ്വപ്നമാണ്. അതു യാഥാര്‍ഥ്യമാക്കുന്നതിന് വഴിക്കടവ് പ്രദേശത്തുകാര്‍ വെള്ളിയാഴ്ച നടക്കുന്ന സംഗമത്തില്‍ ഭാഗഭാക്കായി സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍