മാര്‍ത്തോമ യുവജന സഖ്യം ഭദ്രാസന ഉപാധ്യക്ഷനു യാത്രയയപ്പ്
Wednesday, February 18, 2015 8:18 AM IST
ന്യൂയോര്‍ക്ക്; നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന യുവജനസഖ്യത്തിന്റെ കര്‍മനിരതനായ വൈസ് പ്രസിഡന്റ് റവ. ഷാജി തോമസിനു ഭദ്രാസന യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്‍കുന്നു.

സഭയുടെ ക്രമീകരണം അനുസരിച്ച് കേരളത്തിലേക്കു സ്ഥലം മാറിപ്പോകുന്ന റവ. ഷാജി തോമസ് ഭദ്രാസന യുവജനസഖ്യ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത നേതൃത്വം നല്‍കിയിരുന്നു.

മാര്‍ച്ച് ഒന്നിന് ഉച്ചകഴിഞ്ഞു 2.30നു നടക്കുന്ന യാത്രയയപ്പു സമ്മേളനത്തില്‍ സഖ്യാംഗങ്ങള്‍ റവ. ഷാജി തോമസിന് സമുചിതമായ യാത്രാമംഗളങ്ങള്‍ നേരുകയും പുതുതായി ചുമതലയേല്‍ക്കുന്ന ഭദ്രാസന യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. ബിനു സി. ശാമുവേലിനു സ്വാഗതം ആശംസിക്കുകയും ചെയ്യും.

ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ യുവജന സഖ്യം ആതിഥ്യമരുളുന്ന സമ്മേളനത്തില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍നിന്നുള്ള യുവജനസഖ്യം അംഗങ്ങള്‍ പങ്കെടുക്കും. മുന്‍ കേന്ദ്ര യുവജനസഖ്യം സെക്രട്ടറിയും ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ ഇടവക വികാരിയുമായ റവ. ഷാജി തോമസിന്റെ നേതൃത്വത്തില്‍ ഭദ്രാസന യുവജന സഖ്യം വളര്‍ച്ചയുടെ പടവുകള്‍ ദിശാബോധത്തോടെ കയറുകയും ഉത്തമമായ ദര്‍ശനാവിഷ്കാരങ്ങളുടെ പ്രതിഫലനം സഖ്യാംഗങ്ങളില്‍ ഉണര്‍ത്തുകയും ചെയ്തു.

മികച്ച വാഗ്മി, എഴുത്തുകാരന്‍, തികഞ്ഞ മനുഷ്യസ്നേഹി, അജഗണ പാലനത്തില്‍ ക്രിസ്തു കേന്ദ്രീകൃത മൂല്യങ്ങളിലൂടെയുള്ള പ്രവര്‍ത്തനശൈലി തുടങ്ങിയ നന്മകള്‍ക്കു മുതല്‍ക്കൂട്ടായിരുന്ന റവ. ഷാജി തോമസിന്റെ കാലത്താണ് കോണ്‍ഫറന്‍സ് അറ്റ് സി എന്ന 2013 ലെ ഭദ്രാസന യുവജന സഖ്യം ദേശീയ സമ്മേളനം സംഘടിപ്പിച്ചത്.

മികച്ച സംഘാടനപാടവത്തിനും സഖ്യത്തോടുള്ള സ്നേഹപൂര്‍വമായ കരുതലിനും എല്ലാവിധ ആശംസകളും നന്ദിയും നേരുന്നതായി യുവജന സഖ്യം ഭദ്രാസന കൌണ്‍സിലിനുവേണ്ടി സെക്രട്ടറി റെജി ജോസഫ് അറിയിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം