ദൈവവിശ്വാസമില്ലാത്ത പുരോഗമനവാദിയാവുന്നതിലും നല്ലത് ദൈവത്തെ മുറുകെപ്പിടിക്കുന്ന ഒരു പഴഞ്ചനാവുന്നതാണ്: എം. മുകുന്ദന്‍
Tuesday, February 17, 2015 10:07 AM IST
കുവൈറ്റ്: ഒരു പ്രതിസന്ധിഘട്ടത്തില്‍  അകപ്പെടുമ്പോള്‍ വിളിക്കാന്‍ ഒരു ദൈവം വേണം. അതില്ലെങ്കില്‍ നാം ദരിദ്രരാണ്. ദൈവത്തിലേക്കുള്ള മടക്കം എന്നത് ആള്‍ദൈവങ്ങളോടുള്ള വിധേയത്വമല്ല. ശുദ്ധമായ ദൈവവിശ്വാസം വീണ്െടടുക്കുകയാണു പ്രധാനം. എഴുത്തുകാര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണ്. വായനക്കാര്‍ കൂടിയിരിക്കുന്നു. പുസ്തകങ്ങള്‍ നന്നായി വിറ്റുപോവുന്നു. പണം കിട്ടുന്നു. പണ്ട് ഒരു പുസ്തകം ഒരുവര്‍ഷം അച്ചടിച്ചിരുന്നത് പരമാവധി 2000 കോപ്പിയൊക്കെയായിരുന്നു. ആ സ്ഥാനത്ത് ഇന്ന് 10,000 കോപ്പി വരെ അടിക്കുന്നു. ഗൃഹാതുരത്വം എന്ന സങ്കല്‍പ്പം പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ട സമയമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തില്‍നിന്ന് ആളുകള്‍ പ്രവാസം തുടങ്ങിയ കാലത്ത് ഇവിടെ നമ്മളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗൃഹാതുരത്വമായി കൊണ്ടുനടന്നിരുന്നു. എന്നാല്‍, ഇന്നു കേരളത്തില്‍ ലഭിക്കുന്ന എന്തും ഗള്‍ഫിലും അമേരിക്കയിലും ഓസ്ട്രേലിയയിലുമൊക്കെ ലഭ്യമാണ്. അപ്പോള്‍ പിന്നെ ഗൃഹാതുരത്വത്തിന് എവിടെയാണു സ്ഥാനം? യാത്ര പ്രധാനപ്പെട്ട കാര്യമാണ്. എഴുത്തുകാരന്‍ ഏറെ യാത്ര ചെയ്യണം. വീട്ടുമുറ്റമാണുലോകം എന്ന് കരുതി അവിടെ മാത്രം ചുരുങ്ങി എഴുതുന്നവരുണ്ട്. ആ കാഴ്ചപ്പാടിനോട് എനിക്കു യോജിപ്പില്ല. ദൂരസ്ഥലങ്ങളില്‍ പോയി കാര്യങ്ങള്‍ മനസിലാക്കി എഴുതണം. ഇതുപറയുമ്പോള്‍ മുകുന്ദന്‍ ഇപ്പോള്‍ ആഗോള സാഹിത്യകാരനായി എന്നു പറഞ്ഞു പരിഹസിച്ചവരുണ്ട്.

ജനങ്ങളുടെ പൌരാവകാശം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനമാണു നിലവിലെ സാഹചര്യത്തില്‍ ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനം. വിവിധ പൌരാവകാശ പോരാട്ടങ്ങളെ തീവ്രവാദവും വികസനവിരുദ്ധതയും ആരോപിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണു സര്‍ക്കാരുകള്‍ നടത്തുന്നത്. വര്‍ഗീയ, കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കേറ്റ തിരിച്ചടിയാണു ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം. പല വിഷയങ്ങളിലും നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും അജണ്ട നിശ്ചയിക്കുന്നതില്‍ വിജയിച്ചതാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ നിര്‍ണായകമായതെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് എം. മുകുന്ദന്‍ പറഞ്ഞു.

അബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.ഐ.ജി പ്രസിഡന്റ് കെ.എ. സുബൈര്‍ ഉദ്ഘാടനം ചെയ്തു. മുകുന്ദനുള്ള പുരസ്കാരവും പ്രശസ്തിപത്രവും അദ്ദേഹം സമ്മാനിച്ചു. പുരസ്കാരത്തിന് അര്‍ഹമായ മുകുന്ദന്റെ 'പ്രവാസം' നോവല്‍ ആസ്വാദനം പി.പി. അബ്ദുറസാഖ് നിര്‍വഹിച്ചു. യൂത്ത് ഇന്ത്യ ആക്ടിംഗ് പ്രസിഡന്റ് നിസാര്‍ കെ. റഷീദ് അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ അഞ്ചാം വാര്‍ഷിക ഉപഹാരമായി നടപ്പാക്കുന്ന 'ബെറ്റര്‍ ടുമാറോ' ജനകീയ പദ്ധതിക്കു തുടക്കംകുറിച്ച് ഭക്ഷ്യവസ്തുക്കളുടെ ബക്കറ്റ് ഗ്രാന്‍ഡ് ഹൈപ്പര്‍ റീജണല്‍ ഡയറക്ടര്‍ അയൂബ് കച്ചേരിയില്‍നിന്നു നിസാര്‍ കെ. റഷീദ് ഏറ്റുവാങ്ങി. യൂത്ത് ഇന്ത്യ നടത്തിയ ഫോട്ടോഗ്രഫി മത്സരവിജയി രതീഷ് ഗോപിക്കു ഷബീര്‍ മണ്േടാളിയും ചെറുകഥാ മത്സരവിജയി നിഷാദ് കാട്ടൂരിനു എം. മുകുന്ദനും സമ്മാനങ്ങള്‍ നല്‍കി

പി.ടി. ഷാഫി, സി.കെ. നജീബ്, ഹസനുല്‍ബന്ന, സി.പി. നൈസാം എന്നിവര്‍ പ്രസംഗിച്ചു. എം. മുകുന്ദന്റെയും മുഹമ്മദ് വേളത്തിന്റെയും കാരിക്കേച്ചര്‍ ജോണ്‍ ആര്‍ട്സ് കലാഭവന്‍ കൈമാറി. ജോണ്‍ മാത്യു, അബ്ദുള്‍ ഫത്താഹ് തൈയില്‍, വര്‍ഗീസ് പുതുകുളങ്ങര, ടി.വി. ഹിക്മ്ത് ,സക്കീര്‍ ഹുസൈന്‍ തുവൂര്‍, എസ്.എ.പി. ആസാദ്, അനിയന്‍ കുഞ്ഞ്, കൃഷ്ണദാസ്, ലിസി കുര്യാക്കോസ്, വര്‍ദ അന്‍വര്‍, സജിത് കുമാര്‍, ദീപ, സമിയ ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍