ഇന്ത്യയില്‍ മതവിദ്വേഷം അനുവദിക്കില്ലെന്നു പ്രധാനമന്ത്രി
Tuesday, February 17, 2015 5:39 AM IST
ന്യൂഡല്‍ഹി: മതവിദ്വേഷത്തിനു രാജ്യത്ത് ഇടം നല്‍കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന ലഭിക്കുന്നുണ്െടന്ന് ഉറപ്പു വരുത്തുന്നതില്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡല്‍ഹി വിജ്ഞാന്‍ഭവനില്‍ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധ ഗണത്തിലേക്കുയര്‍ത്തിയതില്‍ സീറോ മലബാര്‍ സഭയും ഡല്‍ഹി ഫരീദാബാദ് രൂപതയും സിഎംഐ, സിഎംസി സന്യാസി സമൂഹവും സംയുക്തമായി സംഘടിപ്പിച്ച ദേശീയതല ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചടങ്ങില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, നജ്മ ഹെപ്തുള്ള, രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍, ആര്‍ച്ച് ബിഷപുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. അനില്‍ കൂട്ടോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മതവിശ്വാസം എന്നതു ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്യ്രം തന്നെയാണ്. ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ ഒരു മതവിഭാഗത്തിനുനേരെയും ഉണ്ടാകുന്ന ആക്രമണങ്ങള്‍ പൊറുക്കാനാവുന്നതല്ല. മതവിശ്വാസം പൌരന്റെ വ്യക്തിസ്വാതന്ത്യ്രമാണ്. രാജ്യത്ത് ഒരു തരത്തിലുള്ള മതമൌലിക വാദവും അനുവദിക്കാനാവില്ല. രാജ്യത്ത് എല്ലാ തരത്തിലുള്ള മതസ്വാതന്ത്യ്രം തന്റെ സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു. ഒരാളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള മതത്തില്‍ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യ്രമുണ്ട്.

ഇന്ത്യ ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണ്. എല്ലാ ഇന്ത്യക്കാരന്റെയും ഡിഎന്‍എയില്‍ എല്ലാ മതവിഭാഗങ്ങളോടുമുള്ള തുല്യബഹുമാനമുണ്ട്. ഒരു മതത്തിനും എതിരായുള്ള അക്രമങ്ങള്‍ അനുവദിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മതവിഭാഗങ്ങളും പരസ്പര ബഹുമാനത്തോടെ പുരാതന ഭാരതത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

അധുനീക ഇന്ത്യ എന്നതാണ് തന്റെ സ്വപ്നം. ഈ സ്വപ്നം യാഥാര്‍ഥ്യമാക്കുക എന്ന വലിയ ദൌത്യമാണു മുന്നിലുള്ളത്. സബ്കാ സാഥ്, സബ്കാ വികാസ് എന്നതാണു തന്റെ വികസന മന്ത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഭക്ഷണം, എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം, എല്ലാ വീടുകളിലും വൈദ്യുതിയും ശൌചാലയങ്ങളും എന്നതാണ് ഇതു കൊണ്ട് അര്‍ഥമാക്കുന്നത്. ഈ നേട്ടങ്ങള്‍ ഇന്ത്യയെ അഭിമാനപൂരിതമാക്കും. ഐക്യത്തിലൂടെ മാത്രമേ ഈ നേട്ടങ്ങള്‍ കൈവരിക്കാനാകു. ഐക്യം നമ്മെ ബലപ്പെടുത്തുമെന്നും ഭിന്നത ദുര്‍ബലരാക്കുമെന്നും പറഞ്ഞ പ്രധാനമന്ത്രി എല്ലാ ഇന്ത്യാക്കാരോടും സഹകരണവും അഭ്യര്‍ഥിച്ചു.

കേരളത്തില്‍ നിന്നും രണ്ടു പേര്‍ വിശുദ്ധ ഗണത്തിലേക്കുയര്‍ത്തപ്പെട്ടതിന്റെ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്െടന്നും പ്രധാനമന്ത്രി പറഞ്ഞു. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടതില്‍ രാജ്യം മുഴുവനും അഭിമാനിക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി കേരളത്തില്‍ നിന്നും വിശുദ്ധഗണത്തിലേക്കുയര്‍ത്തപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പദവിയിലും അഭിമാനിക്കുന്നതായി പറഞ്ഞു.

ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും ജീവിതം കൊണ്ടു തന്നെ വിശുദ്ധരായിരുന്നവരാണ്. അവരുടെ ജീവിതം ക്രൈസ്തവ സമൂഹത്തിനു മാത്രമല്ല എല്ലാ മനുഷ്യര്‍ക്കും പ്രചോദനമാണ്. ദൈവീകതയിലും നിസ്വാര്‍ഥ സേവനങ്ങളിലും രണ്ടു വിശുദ്ധരും ശോഭിക്കുന്ന മാതൃകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വി. ചാവറയച്ചന്‍ ഒരു പുരോഹിതന്‍ എന്നതിനു പുറമേ സാമൂഹ്യ പരിഷ്കരണത്തിനും വഴി തെളിച്ച വ്യക്തിയാണ്. വിദ്യാഭ്യാസ രംഗത്ത് നിരവധി പരിമിതികളുണ്ടായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം എല്ലാ പള്ളികളിലും ഒരു സ്കൂള്‍ എന്ന ആശയം മുന്നോട്ടുവച്ചത്. എല്ലാ വിഭാഗത്തില്‍പെട്ട ആളുകള്‍ക്കുമായി അദ്ദേഹം വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. വനിതാ ശാക്തീകരണത്തിനും അദ്ദേഹം മെച്ചപ്പെട്ട സംഭാവനകള്‍ നല്‍കി. പൂര്‍ണമായും ദൈവികതയില്‍ മുഴുകി പ്രാര്‍ഥനകളാല്‍ സമ്പന്നമായിരുന്നു വി. എവുപ്രാസ്യമ്മയുടെ ജീവിതമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടു വിശുദ്ധരും മറ്റുള്ളര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചരാണ്. പുരാതന ഇന്ത്യയില്‍ ലോകത്തിന്റെ മുഴുവന്‍ സുഖമാണു മോക്ഷത്തിലേക്കുള്ള മാര്‍ഗമെന്നും പറയുന്നതായി മോദി ചൂണ്ടിക്കാട്ടി.

ആധ്യാത്മികത ഇന്ത്യന്‍ സംസ്കാരത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ആഴത്തില്‍ വേരോടിയിട്ടുള്ളതാണ്. ഇന്ത്യന്‍ സന്യാസിമാരും ഗ്രീക്കു പണ്ഡിതന്‍മാരും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മുമ്പേ ബൌദ്ധികവും ആധ്യാത്മികവുമായ അറിവുകള്‍ പങ്കുവച്ചിരുന്നു. പുതിയ അറിവുകളോടുള്ള ഇന്ത്യയുടെ അഭിനിവേശം ഋഗ്വേദത്തില്‍ വ്യക്തമാക്കുന്നുണ്െടന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ വിശ്വാസങ്ങളെയും സ്വാഗതം ചെയ്യുകയും ബഹുമാനിക്കുക്കയും ചെയ്യുന്ന പാരമ്പര്യത്തിന് ഇന്ത്യയോളം തന്നെ പ്രായമുണ്ട്. സഹിഷ്ണുതയില്‍ മാത്രമല്ല എല്ലാ മതങ്ങളും സത്യമാണെന്നു തങ്ങള്‍ വിശ്വസിക്കുന്നുവെന്നു സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടുന്നതായും പ്രധാനമന്ത്രി ശ്രദ്ധയില്‍ പെടുത്തി. തല ഉയര്‍ത്തിപ്പിടിച്ചു ഭയരഹിതരായി ജീവിക്കാനാണു രവീന്ദ്രനാഥ ടാഗോര്‍ നമ്മോട് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ ലോകത്താകമാനം മതവിശ്വാസത്തിന്‍മേലുള്ള ഭിന്നതയും അക്രമങ്ങളുമാണ് കാണുവാന്‍ കഴിയുന്നത്. ഇക്കാലയളവില്‍ പുരാതന ഇന്ത്യയുടെ എല്ലാ മതങ്ങളോടുമുള്ള തുല്യ പരിഗണനയും സഹിഷ്ണുതയും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഡിസംബറില്‍ ഹേഗില്‍ നടന്ന ഫെയ്ത്ത് ഇന്‍ ഹ്യൂമന്‍ റൈറ്റ്സ് കോണ്‍ഫറന്‍സില്‍ എല്ലാ മതവിഭാഗത്തില്‍പെട്ട നേതാക്കളും പങ്കെടുത്തിരുന്നു. ആ സമ്മേളനത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്യ്രം എങ്ങനെയാണു ഉറപ്പു വരുത്തുന്നതെന്ന കാര്യത്തില്‍ ചരിത്രപരമായ പ്രഖ്യാപനമുണ്ടായിരുന്നു. അതനുസരിച്ചു നമ്മുടെ രാജ്യത്തും എല്ലാവര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും വിശ്വാസം സംരക്ഷിക്കപ്പെടാനുമുള്ള അവകാശമുണ്ട്. പുരാതന ഇന്ത്യയുടെ മൂല്യങ്ങള്‍ ലോകം മുഴുവന്‍ മാതൃകയാക്കുന്ന കാഴ്ചയാണു ഇപ്പോള്‍ കാണുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.