ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പറയെടുപ്പ് ആരംഭിച്ചു
Monday, February 16, 2015 8:19 AM IST
ഡാളസ്: ഡാളസിലെ കേരള ഹിന്ദു സൊസൈറ്റി കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മിക്കുന്ന ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയോടനുബന്ധിച്ചു നടത്തുന്ന പറയെടുപ്പ് യാത്രയ്ക്കു തുടക്കം. മേയ് 15 മുതല്‍ 12 ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിഷ്ഠ മഹോത്സവത്തിനു പ്രമുഖരായ പൂജാരികളും വാദ്യമേളക്കാരും നാട്ടില്‍നിന്ന് എത്തിച്ചേരുന്നതായിരിക്കും.

പ്രതിഷ്ഠാകര്‍മങ്ങള്‍ക്ക് ആവശ്യമായ വിശിഷ്ട പൂജാ സാമഗ്രികളും നാട്ടില്‍ നിന്നും ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ചെമ്പില്‍ നിര്‍മിച്ച്, സ്വര്‍ണവും വെള്ളിയും പൂശിയ ആയിരത്തില്‍പ്പരം കലശങ്ങളും പ്രതിഷ്ഠ പൂജകളുടെ ഭാഗമായിരിക്കും.

ഗുരുവായൂരില്‍നിന്നെത്തിച്ചേര്‍ന്ന ആനപ്പട്ടം ചാര്‍ത്തിയ ഗുരുവായൂരപ്പന്റെ തിടമ്പ് വാദ്യമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തില്‍നിന്നു ഭക്തരുടെ ഭവനങ്ങളില്‍ എത്തിച്ചേരുന്നു. ഈ എഴുന്നള്ളിപ്പിനോടൊപ്പം കൊണ്ടുവരുന്ന കെടാവിളക്കില്‍നിന്നു വീടുകളിലെ നിലവിളക്കിലേക്കു ദീപം കൊളുത്തി അതിനുമുമ്പില്‍ നെല്ലുകൊണ്ട് ഗൃഹസ്ഥര്‍ പറ നിറയ്ക്കുന്നു.

ക്ഷേത്രത്തിന്റെ ചെലവിലേക്കു ഭക്തര്‍ നല്‍കുന്ന സംഭാവന അവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു സ്വീകരിക്കുന്നു എന്നതാണു പറയിടീലിന്റെ ഐതിഹ്യമെന്നു കേരള ഹിന്ദു സൊസെറ്റി പ്രസിഡന്റ് ഗോപാലപിള്ള അറിയിച്ചു. ഡാളസില്‍ ആരംഭിച്ച പറയിടീല്‍, ഓസ്റിന്‍, ടെക്സസിലും ടെമ്പിന്‍ ടെക്സസിലും ഫെബ്രുവരി 21, 22 തീയതികളില്‍ നടത്തുമെന്ന് ട്രസ്റി ചെയര്‍മാന്‍ ഹരിപിള്ള അറിയിച്ചു. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലുള്ള വ്യക്തികളോ, സംഘടനകളോ പറയിടീല്‍ കര്‍മത്തിനു തയാറാണെങ്കില്‍ 972 646 1463 ല്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍