ആദര്‍ശ നിലപാടുകള്‍ മേച്ചേരിയെ ശ്രദ്ധേയനാക്കി: ഇ. അഹമ്മദ് എംപി
Monday, February 16, 2015 8:11 AM IST
ദുബായി: പത്രപ്രവര്‍ത്തന രംഗത്തെ മികവുറ്റ സംഭാവനകള്‍ക്കു ദുബായി സത്വ കെഎംസിസി ഏര്‍പ്പെടുത്തിയ പ്രഥമ റഹീം മേച്ചേരി സ്മാരക പുരസ്കാരം ചന്ദ്രിക പത്രാധിപര്‍ സി.പി. സൈതലവിക്കു മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ് എംപി സമര്‍പ്പിച്ചു.

സത്വ സായിദ് ബിന്‍ സുല്‍ത്താന്‍ മോഡല്‍ സ്കൂള്‍ ഗ്രൌണ്ടില്‍ ആയിരക്കണക്കിനു മലയാളികള്‍ സംബന്ധിച്ച അവാര്‍ഡ് സമര്‍പ്പണ സമ്മേളനം പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കാഴ്ചപ്പാടിലെ വ്യത്യസ്തതയും ആദര്‍ശബന്ധുരമായ നിലപാടുകളുമാണു റഹീം മേച്ചേരിയെ പത്രപ്രവര്‍ത്തനലോകത്തു ശ്രദ്ധേയനാക്കിയതെന്ന് ഇ. അഹമ്മദ് എം.പി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സമര മുന്നണിയായി മുസ്ലിം ലീഗിനെ വളര്‍ത്തിയെടുക്കാന്‍ റഹീം മേച്ചേരിയുടെ തൂലിക വഹിച്ച പങ്ക് അനിഷേധ്യമാണ്. സമര്‍പ്പണ സന്നദ്ധതയും ആത്മാര്‍ഥതയും വിനയവും കുലീനമായ പെരുമാറ്റ രീതികളും ഒത്തുചേര്‍ന്ന റഹീം മേച്ചേരിയെന്ന അതുല്യ വ്യക്തിത്വം സമുദായത്തിനും സമൂഹത്തിനും അഭിമാനമായിരുന്നു. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രതിയോഗികളെ നിശിതമായ വിമര്‍ശന ശരങ്ങള്‍ കൊണ്ടും അക്കമിട്ടു നിരത്തുന്ന ഉദാഹരണ സഹിതവും പ്രതിരോധിച്ച കര്‍മകുശലനായ പടയാളിയായിരുന്നു മേച്ചേരി. ചന്ദ്രികയുടെ പത്രാധിപരായിരിക്കേ ഒരു ദശകം മുമ്പ് അപകടത്തില്‍ മരിച്ച മേച്ചേരിയുടെ രചനകള്‍ എക്കാലവും കേരള രാഷ്ട്രീയ പഠനത്തിന് ഊര്‍ജം പകരുന്ന അറിവിന്റെ ശേഖരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥിയുവജന രാഷ്ട്രീയത്തിലൂടെ അറിവും അനുഭവവും സ്വായത്തമാക്കിയ പ്രതിഭാശാലിയാണ് അവാര്‍ഡ് ജേതാവ് സി.പി സൈതലവിയെന്ന് ഇ. അഹമ്മദ് അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് യഥാസമയം ചന്ദ്രികയിലൂടെ മറുപടി നല്‍കി മേച്ചേരിയുടെ പിന്‍മുറക്കാരനാവാന്‍ സി.പിക്ക് സാധിക്കുന്നുവെന്നതില്‍ ഏറെ അഭിമാനമുണ്െടന്നും അദ്ദേഹം പറഞ്ഞു.

അധികാര പദവികളെക്കാള്‍ ശക്തി എഴുത്തിനാണെന്നു തെളിയിച്ച പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകനായിരുന്നു റഹീം മേച്ചേരിയെന്നു പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ചടങ്ങില്‍ സത്വ കെഎംസിസി പ്രസിഡന്റ് ഹാരിസ് മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.വി. അബ്ദുള്‍ വഹാബ്, യുഎഇ കെഎംസിസി ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസ്, താമരശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മുഹമ്മദ്, അന്‍സാരി തില്ലങ്കേരി, ഇസ്മായില്‍ ഏറാമല എന്നിവര്‍ പ്രസംഗിച്ചു. സിദ്ദിഖലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.

എച്ച് ആന്‍ഡ് സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സിഇഒ ഡോ. ഷാനിദ്, പി.വി മുസ്തഫ പാനൂര്‍ (സത്വ പാലസ് ഗ്രൂപ്പ്), അബ്ദുള്ള വലിയാണ്ടി, പി. അലിഹസന്‍ ഹാജി ഒതുക്കുങ്ങല്‍, പി. അബ്ദുള്‍ അസീസ് പൊയിലൂര്‍ എന്നിവര്‍ക്കു പരിപാടിയില്‍ സ്നേഹോപഹാരങ്ങള്‍ നല്‍കി.

പാലക്കാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യു. ഹൈദ്രോസ്, അഡ്വ. യു.എ ലത്തീഫ്, അനീസ് ആദം, അഷ്റഫ് തങ്ങള്‍ തച്ചംപൊയില്‍, ആര്‍. നൌഷാദ്, മുഹമ്മദ് വെന്നിയൂര്‍, റൌസ് തലശേരി, മുഹമ്മദ് വെട്ടുകാട്, ഹനീഫ് കല്‍മാട്ട, മുസ്തഫ തിരൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, മുഹമ്മദ് പട്ടാമ്പി, ഹംസ പയ്യോളി, കെ.ടി. ഹാഷിം ഹാജി, അബ്ദുള്‍ ഖാദര്‍ അരിപ്പാമ്പ്ര, നിസാമുദ്ദീന്‍ കൊല്ലം, ഷഹീര്‍ കൊല്ലം, ഇഖ്ബാല്‍ അബ്ദുള്‍ ഹമീദ് (അല്‍ ഹത്ബൂര്‍ ഗ്രൂപ്പ്) തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

കെഎംസിസിയിലേക്കു കടന്നുവന്ന സഫാ ഗ്രൂപ്പ എംഡി മുഹമ്മദ് സിയാദ് കോട്ടയത്തിനു പരിപാടിയില്‍ മെംബര്‍ഷിപ്പ് നല്‍കി. സത്വ കെഎംസിസി ജനറല്‍ സെക്രട്ടറി യൂനുസ് അമ്പലക്കണ്ടി സ്വാഗതവും വൈസ് പ്രസിഡന്റ് പി.വി ഇസ്മായില്‍ പാനൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍