മാനഭംഗം: പോലീസുകാരന്റെ വധശിക്ഷ ശരിവച്ചു
Monday, February 16, 2015 8:09 AM IST
കുവൈറ്റ്: ഇഖാമ നിയമലംഘനം പരിശോധിക്കാനെന്നു പറഞ്ഞ് ടാക്സിയില്‍നിന്നിറക്കിയ യുവതിയെ പോലീസുകാരന്‍ വാഹനത്തില്‍ കയറ്റി മാനഭംഗപ്പെടുത്തിയശേഷം കഴുത്തില്‍ നിരവധി തവണ കത്തികൊണ്ടു കുത്തി റോഡില്‍ ഉപേക്ഷിച്ചുവെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട പോലീസുകാരന്റെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു.

സംഭവം നടക്കുമ്പോള്‍ തനിക്കു കടുത്ത മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നു പ്രതി കോടതിയില്‍ വാദിച്ചെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അതു ശരിവയ്ക്കാത്തതിനാല്‍ വാദം തള്ളിയ വിചാരണക്കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരേ പ്രതി നല്‍കിയ അപ്പീലാണ് അപ്പീല്‍കോടതി തള്ളിയത്.

2012 സെപ്റ്റംബര്‍ 30നായിരുന്നു കേസിനാസ്പദമായ സംഭവം. ഫര്‍വാനിയയിലെ വസ്ത്രക്കടയില്‍ സെയില്‍സ് ഗേളായ 27കാരിയായ ഫിലിപ്പീനോ യുവതിയും കൂട്ടുകാരിയും സിക്സ്ത് റിംഗ് റോഡിലെ ഷോപ്പിംഗ് മാളില്‍ പോയി മടങ്ങുമ്പോള്‍ ട്രാഫിക് പോലീസ് ടാക്സി തടഞ്ഞു പരിശോധിക്കുകയായിരുന്നു. ഇഖാമയുടെ കാലാവധി നാലു ദിവസം മുമ്പ് തീര്‍ന്നതിനാല്‍ കസ്റഡിയിലെടുക്കുകയാണെന്നു പറഞ്ഞ് പോലീസുകാരന്‍ യുവതിയെ പോലീസ് വാഹനത്തില്‍ കയറ്റി. കൂട്ടുകാരിയുടെ കൈവശം കാലാവധിയുള്ള ഇഖാമയുള്ളതിനാല്‍ വിട്ടയയ്ക്കുകയും ചെയ്തു. ജനൂബ് സുര്‍റയിലെ പോലീസ് സ്റ്റേഷനിലേക്കാണു കൊണ്ടുപോവുന്നതെന്ന് പറഞ്ഞെങ്കിലും വെളിച്ചമില്ലാത്ത വിജനപ്രദേശത്ത് കാര്‍ നിര്‍ത്തിയപ്പോഴാണ് യുവതിക്ക് അപകടം മനസിലായത്. ഇവിടെവച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വിസമ്മതിച്ച യുവതിയെ പോലീസുകാരന്‍ ക്രൂരമായി മാനഭംഗപ്പെത്തുകയായിരുന്നു. ശേഷം കഴുത്തില്‍ നിരവധി തവണ കുത്തുകയും കാറില്‍നിന്ന് പുറത്തേക്കു തള്ളുകയും ചെയ്തു. അതുവഴിവന്ന സ്വദേശി യാത്രക്കാരനാണ് എമര്‍ജന്‍സി വിഭാഗത്തില്‍ വിവരമറിയിച്ചത്. എമര്‍ജന്‍സി വിഭാഗം യുവതിയെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍