ജീവിതത്തില്‍ മനസമാധാനവും സംതൃപ്തിയുമേകിയതു പൊതുപ്രവര്‍ത്തനം: ശത്രുഘ്നന്‍ സിന്‍ഹ
Monday, February 16, 2015 6:40 AM IST
റിയാദ്: നൂറ്റാണ്ടുകളുടെ സനിമാ ജീവിതത്തേക്കാള്‍ മനസമാധാനവും സംതൃപ്തിയുമേകിയത് രാഷ്ട്രീയജീവിതമാണെന്നും സമൂഹത്തിലെ പ്രശ്നങ്ങള്‍ക്കു നേരേ മുഖം തിരിഞ്ഞു നില്‍ക്കുന്നവന്റെ ജീവിതത്തിന് അര്‍ഥമില്ലെന്നും പ്രമുഖ ബോളിവുഡ് നടനും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ അഭിപ്രായപ്പെട്ടു. റിയാദിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളായ ഡല്‍ഹി പബ്ളിക് സ്കൂള്‍ (ഡിപിഎസ്) പത്താം വാര്‍ഷികാഘോഷങ്ങളില്‍ മുഖ്യാതിഥിയായെത്തിയതായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ. സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ട ധാരാളം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സിനിമാ ജീവിതത്തിനിടയില്‍ അവസരം ലഭിച്ചിട്ടുണ്െടങ്കിലും അവരുടെ ജീവിതം നേരിട്ടു കണ്ടറിയാനും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പ്രയത്നിക്കാനും അവസരം ലഭിച്ചത് രാഷ്ട്രീയത്തിലെ രംഗപ്രവേശത്തിലൂടെയാണ്. ഏറെ ചിന്തിച്ച ശേഷമാണ് ബിജെപിയിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തിയത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ രണ്ടംഗങ്ങള്‍ മാത്രമുണ്ടായിരുന്ന അവസരത്തില്‍ അധികാരം ലക്ഷ്യംവച്ചു കൊണ്ടല്ല ബിജെപിയില്‍ അംഗത്വമെടുത്തത്. ഏത് പാര്‍ട്ടിയായാലും മാനുഷിക മുഖമുള്ളവര്‍ അംഗങ്ങളും നേതാക്കളുമായുണ്െടങ്കില്‍ ഒരു സമുദായവും അവരെ ഭയപ്പെടേണ്ടതില്ല. ബിജെപി അധികാരത്തില്‍ വരുന്നതോടെ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് രക്ഷയുണ്ടാകില്ലെന്നു പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും രണ്ട് തവണ രാജ്യസഭയിലും ഒരു തവണ ലോക്സഭയിലും ബിജെപി അംഗമായിരുന്ന ശത്രുഘ്നന്‍ സിന്‍ഹ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു.

സൌദി അറേബ്യയെയും അവിടുത്തെ ഭരണാധികാരികളും നന്മയുടെ ഉറവിടങ്ങളായാണ് അറിയപ്പെടുന്നത്. അതിലുപരി ഇന്ത്യയുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തുന്നവരും ഏറ്റവുമധികം ഇന്ത്യക്കാര്‍ക്ക് അതിഥ്യമരുളുന്ന ആതിഥ്യമര്യാദയുടെ പ്രതീകങ്ങളുമാണ്. 20 വര്‍ഷം മുന്‍പ് ആദ്യമായി റിയാദില്‍ വരാനും പത്തു ദിവസത്തോളം ഇവരുടെ അതിഥിയായി താമസിക്കാനും അവസരം ലഭിച്ചപ്പോള്‍ താന്‍ ഇവരുടെ സ്നേഹം അനുഭവിച്ചറിഞ്ഞിട്ടുണ്െടന്ന് സിന്‍ഹ പറഞ്ഞു.

സാമൂഹ്യപ്രവര്‍ത്തനരംഗത്തു തന്നെ കൈ പിടിച്ചു നടത്തിയത് പ്രമുഖ കോണ്‍ഗ്രസ് നേതാവും സുഹൃത്തും ജ്യേഷ്ഠ സഹോദരനെപ്പോലെ ബഹുമാനിക്കുന്ന വ്യക്തിയുമായ സുനില്‍ ദത്തായിരുന്നെന്ന് ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ എന്നും നല്ല സുഹൃദ്ബന്ധം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് പാക് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. അനേകം തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയും ഇപ്പോഴത്തെ പ്രധാനമന്ത്രി നവാസ് ഷരീഫുമായും ഇമ്രാന്‍ ഖാനടക്കമുള്ള മറ്റ് പ്രമുഖ പാക്കിസ്ഥാന്‍ പൌരന്‍മാരുമായും ഉറ്റ ബന്ധം കാത്തുസൂക്ഷിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും സാങ്കേതികമായി രണ്ട് രാജ്യങ്ങളാണെങ്കിലും എന്നും ഒന്നായി കാണാനാണ് ആഗ്രഹമെന്നും സിന്‍ഹ പറഞ്ഞു.

ഡല്‍ഹിയിലെ അരവിന്ദ് കേജരിവാളിന്റെ വിജയം വലിയൊരു സന്ദേശമാണു പൊതു പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്നും അഴിമതിയും സ്വജനപക്ഷപാതവും ജനാധിപത്യ വ്യവസ്ഥിതിയില്‍ എക്കാലവും വിജയിപ്പിച്ചെടുക്കാന്‍ പണത്തിനു കഴിയില്ലെന്നതാണു ഡല്‍ഹി നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡി.പി.എസ് പ്രിന്‍സിപ്പള്‍ മിരാജ് ഖാനും സന്നിഹിതനായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍