മുസ്ലിം വിദ്യാര്‍ഥികളുടെ വധം: ഒബാമ അപലപിച്ചു
Monday, February 16, 2015 6:37 AM IST
വാഷിംഗ്ടണ്‍: നോര്‍ത്ത് കരോലിനയില്‍ മൂന്നു മുസ്ലിം വിദ്യാര്‍ഥികള്‍ ക്രൂരമായി വധിക്കപ്പെട്ട സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നിശിത ഭാഷയില്‍ അപലപിച്ചു.

അമേരിക്കയില്‍ ഒരാള്‍പോലും, 'അവര്‍ ആരാണ്, ആരെപോലെയിരിക്കുന്നു, അവര്‍ ആരാധിക്കുന്നത് ആരെയാണ് എന്നിവയുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുടെ ലക്ഷ്യമാകാന്‍ അനുവദിച്ചു കൂടാ. വിദ്യാര്‍ത്ഥികളോടുള്ള സ്നേഹപ്രകടനമാണ് ആയിരങ്ങള്‍ പങ്കെടുത്ത സംസ്കാര ചടങ്ങുകളില്‍ ദൃശ്യമായത്. അമേരിക്ക എന്ന വലിയൊരു കുടുംബത്തിലെ അംഗങ്ങളാണ് നാം ഓരോരുത്തരും' ഒബാമ പറഞ്ഞു.

ഫെബ്രുവരി ആറിനാണ് ഡന്റല്‍കോളജ് വിദ്യാര്‍ത്ഥികളായ ഡിയ ഷാഡി ബറാക്കട്ട് (23) ഭാര്യ യുസ്സര്‍ മുഹമ്മദ് അബു സല്‍ഹ (21) യുസറിന്റെ സഹോദരി റസന്‍ മുഹമ്മദ് അബു സല്‍ഹാ (19) എന്നിവര്‍ സമീപവാസിയുടെ വെടിയേറ്റ് മരിച്ചത്. വധശിക്ഷ നടപ്പാക്കുന്ന രീതിയില്‍ മൂന്നു പേരുടെയും തലയ്ക്കു പുറകില്‍ നിരവധി തവണയാണ് അക്രമി നിറയൊഴിച്ചത്.

വെള്ളിയാഴ്ച വൈറ്റ് ഹൌസിനു മുമ്പില്‍ ഒരു കൂട്ടം ജനങ്ങള്‍ പ്രാര്‍ഥന നടത്തിയാണു പ്രതിഷേധം പ്രകടിപ്പിച്ചത്. അതിനിടെ വെടിവച്ച പ്രതി ക്രേഗ് ഹിക്ക്സിന്റെ (46) വീട്ടില്‍നിന്നും നിരവധി തോക്കുകള്‍ പോലീസ് പിടിച്ചെടുത്തു. പാര്‍ക്കിംഗ് പ്ളോട്ടിനെക്കുറിച്ചുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ അവസാനിച്ചതെന്ന് എഫ്ബിഐ പറയുന്നുണ്െടങ്കിലും ഹേറ്റ്ക്രൈമിന്റെ സാധ്യതയും തള്ളിക്കളയുന്നില്ല. പോലീസ് ക്രേഗിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍