'പിക്കെറ്റ് 43' അരിസോണയില്‍ പ്രദര്‍ശനത്തിന്
Friday, February 13, 2015 8:19 AM IST
ഫിനിക്സ്: പൃഥ്വിരാജും ഹിന്ദി നടന്‍ ജാവേദ് ജഫ്രിയും പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന മേജര്‍ രവിയുടെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം 'പിക്കറ്റ് 43' അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ഹര്‍കിന്‍സ് സിനിമ അരിസോണ മില്ല്സ് മാളില്‍ ഫെബ്രുവരി 13 (വെള്ളി) മുതല്‍ 19 (വ്യാഴം) വരെയാണു പ്രദര്‍ശനം. ദിവസേന അഞ്ചു പ്രദശങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്.

രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, അനു മോഹന്‍, മേഘനാഥന്‍, ഹരീഷ് പേരടി, മദന്‍മോഹന്‍, അനുഷുവര്‍മ, അംഗദ്, ഫരീദ, ശോഭ മോഹന്‍ തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍.

പാക്കിസ്ഥാനെ ശത്രുപക്ഷത്തു നിര്‍ത്തുന്ന പതിവു പട്ടാള ചിത്രങ്ങളില്‍നിന്നു വിഭിന്നമായി, വന്‍ ആയുധങ്ങള്‍ അണിനിരക്കുന്ന യുദ്ധമോ ബഹളമോ ഒന്നുമില്ലാതെ സാധാരണ ഒരു ഹവില്‍ദാറിന്റെ വ്യക്തിജീവിതവും അതിര്‍ത്തി വേലിക്ക് അപ്പുറത്തുള്ള പാകിസ്ഥാന്‍ ജവാനുമായി അയാള്‍ക്ക് ഉടലെടുക്കുന്ന സുഹൃദ്ബന്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പട്ടാളക്കാരന്‍ ഏതു രാജ്യക്കാരന്‍ ആയാലും അയാള്‍ക്കും കുടുംബബന്ധങ്ങളും തന്റെ ദേശത്തോടുള്ള സ്നേഹവും എന്നും ഉണ്ടാകുമെന്നു സിനിമ നമ്മെ ഓര്‍മിപ്പിക്കുന്നു. ഹൃദയസ്പര്‍ശിയായ കഥയും മികച്ച അഭിനേതാക്കളും മുഷിച്ചില്‍ ഉളവാക്കാത്ത ആഖ്യാന ശൈലിയുമാണു സിനിമയെ ഈ വര്‍ഷത്തെ ആദ്യ വിജയചിത്രമാക്കുന്നത്.

റിപ്പോര്‍ട്ട്: മനു നായര്‍